കുമ്പളങ്ങി നൈറ്റ്സിനു ശേഷം ഷെയ്ൻ നിഗം നായകനായെത്തുന്ന 'ഇഷ്ക്' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ടീസർ പുറത്തുവിട്ടത്. നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ്ര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ആൻ ശീതളാണ് നായിക.
'ഒരു ഉമ്മ തര്വോ?' കുമ്പളങ്ങിയിലെ ഡയലോഗ് ആവർത്തിച്ച് ഷെയ്ൻ; 'ഇഷ്ക്' ടീസറെത്തി - ഇഷ്ക്
നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷെയ്ൻ നിഗവും ആൻ ശീതളുമാണ് പ്രധാന വേഷത്തിലെത്തുന്നത്.
ഷെയ്നും ആൻ ശീതളും ഉൾപ്പെടുന്ന ഒരു രംഗമാണ് ടീസറിലുള്ളത്. 'നിലാവലയോ' എന്ന പഴയ മലയാളം ഗാനവും, 'തൂ ഹെ വഹി ദിൽ കിസീ' എന്ന പഴയ ഹിന്ദി ഗാനവുമാണ് പശ്ചാത്തലം. കുമ്പളങ്ങി നൈറ്റ്സിലെ 'ഒരു ഉമ്മ തര്വോ' എന്ന ഡയലോഗ് ടീസറിലും ആവർത്തിക്കുകയാണ് ഷെയ്ൻ.
ടൈറ്റിൽ കാണുമ്പോൾ പ്രണയചിത്രമാണെന്ന് തോന്നിക്കുമെങ്കിലും അങ്ങനെയൊരു ചിത്രമല്ലെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. 'നോട്ട് എ ലവ് സ്റ്റോറി എന്നാണ്' ഇഷ്ക്കിൻ്റെ ടാഗ് ലൈൻ. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. രതീഷ് രവി തിരക്കഥയെഴുതിയ ചിത്രത്തിന് ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്.