52ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് (IFFI) ഇന്ന് തുടക്കം. വൈകിട്ട് ഏഴ് മണിക്ക് ശ്യാമപ്രസാദ് മുഖര്‍ജി സ്‌റ്റേഡിയത്തില്‍ ഉദ്‌ഘാടന ചടങ്ങുകള്‍ ആരംഭിക്കും. ആഭ്യന്തര മന്ത്രി അനുരാഗ് ഠാക്കൂര്‍ (Union Minister Anurag Thakur) ആണ് മേളയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുക.
സിനിമാപ്രമുഖരും താരങ്ങളും ഉള്‍പ്പടെ 3000 ഡെലിഗേറ്റ്‌സാണ് ഇത്തവണ ചലച്ചിത്ര മേളയ്‌ക്ക് സാക്ഷ്യം വഹിക്കാന്‍ പനാജിയിലെത്തുന്നത്. സംവിധായകന്‍ കരണ്‍ ജോഹറും (Karan Johar) നടന്‍ മനീഷ് പോളുമാണ് (Maniesh Paul) ഉദ്‌ഘാടന ചടങ്ങിന്‍റെ അവതാരകര്‍. ബോളിവുഡ് താരങ്ങളായ (Salman Khan), രണ്‍വീര്‍ സിംഗ്, രിതേഷ് ദേശ്‌മുഖ് (Riteish Deshmukh), ജനീലിയ ദേശ്‌മുഖ് (Genelia Deshmukh), ശ്രദ്ധ കപൂര്‍ (Shraddha Kapoor) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് പ്രദര്‍ശനം. 3000 പേര്‍ നേരിട്ട് മേളയില്‍ പങ്കെടുക്കുമ്പോള്‍ ആയിരത്തോളം പേര്‍ വിര്‍ച്വലായും ഭാഗമാകും. കൊവിഡ് സാഹചര്യത്തില്‍ മേളയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ വീട്ടിലിരുന്നും സിനിമകള്‍ കാണാനും സംവാദങ്ങളുടെ ഭാഗമാകാനും സൗകര്യം ഒരുക്കിയിട്ടുള്ള ഹൈബ്രിഡ് മേളയാണ് ഇത്തവണത്തേത്. ആമസോണ്‍ പ്രൈം, നെറ്റ്‌ഫ്ലിക്‌സ്, സോണി ലിവ്, സീ 5, വൂട്ട് എന്നീ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സഹകരണത്തോടെയാണ് മേള ഓണ്‍ലൈനിലേക്ക് എത്തുന്നത്.
നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന മേളയില്‍ 96 രാജ്യങ്ങളില്‍ നിന്നും മുന്നൂറോളം ചലച്ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. സ്‌പാനിഷ് സംവിധായകന്‍ കാര്‍ലോസ് സോറയുടെ 'ദ കിംഗ് ഓഫ് ആള്‍ ദ വേള്‍ഡ്' (The King of the World) ആണ് ഉദ്‌ഘാടന ചിത്രം (opening film). 'എ ഹീറോ' (A Herro) ആണ് സമാപന ചിത്രം (Closing film).
ഫീച്ചര്‍ വിഭാഗത്തില്‍ 25 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 20 ചിത്രങ്ങളുമാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക. 'ദിമാസ സേംഖോര്‍' എന്ന ചിത്രമാണ് ഫീച്ചര്‍ വിഭാഗം പനോരമയിലെ ഉദ്ഘാടനചിത്രം. 'വെഡ് ദ് വിഷണറി' ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഓപ്പണിംഗ് ചിത്രം.
ഇന്ത്യന്‍ പനോരമയില്‍ 24 ഫീച്ചര്‍ ചിത്രങ്ങളാണ് ഇത്തവണ മാറ്റുരയ്‌ക്കുക. ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും രണ്ട് ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്‌ത 'സണ്ണി' (Sunny), ജയരാജ് സംവിധാനം ചെയ്‌ത 'നിറയെ തത്തകളുള്ള മരം' (Niraye Thathakalulla Maram) എന്നിവ. അതേസമയം നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും ചിത്രങ്ങളില്ല.