ജെ.സി ഡാനിയേല്‍ പുരസ്കാരം ഹരിഹരന് - സംവിധായകൻ ഹരിഹരൻ
എം.ടി വാസുദേവൻ നായർ അധ്യക്ഷനായ സമിതിയാണ് പുരസ്കാരത്തിന് ഹരിഹരനെ തെരഞ്ഞെടുത്തത്
തിരുവനന്തപുരം: മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2019ലെ ജെ.സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ഹരിഹരന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. എം.ടി വാസുദേവൻ നായർ അധ്യക്ഷനായ സമിതിയാണ് പുരസ്കാരത്തിന് ഹരിഹരനെ തെരഞ്ഞെടുത്തത്. അമ്പതിലേറെ മലയാള സിനിമകൾ സംവിധാനം ചെയ്ത ഹരിഹരന്‍റെ ആദ്യ ചിത്രം 1973ൽ പുറത്തിറങ്ങിയ ലേഡീസ് ഹോസ്റ്റലാണ്. എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ പത്തിലേറെ സിനിമകൾ സംവിധാനം ചെയ്തു. വളർത്തുമൃഗങ്ങൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, ഒരു വടക്കൻ വീരഗാഥ, പരിണയം, പഴശ്ശിരാജാ തുടങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങൾ ഇവയിൽ പെടുന്നു. നടൻ ജയനെ സൂപ്പർ താരമാക്കിയ ശരപഞ്ജരം, ദേശീയ പുരസ്കാരം നേടിയ സർഗം തുടങ്ങിയവ ഹരിഹരന്‍റെ സംവിധാനത്തിൽ പുറത്തു വന്ന മികച്ച ചിത്രങ്ങളാണ്. പലതവണ ദേശീയ സംസ്ഥാന പുരസ്കാരങ്ങളും നേടി.