ആദ്യ സിനിമക്ക് പുരസ്കാരം ലഭിച്ചെന്ന് കരുതി അടുത്ത ചിത്രത്തിന് സാമ്പത്തികം കണ്ടെത്തുന്നത് എളുപ്പല്ലെന്ന് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. ആദ്യ ചിത്രം മികച്ച അഭിപ്രായം നേടുകയും അവാര്‍ഡുകൾ ലഭിക്കുകയം ചെയ്തപ്പോൾ രണ്ടാമത്തെ സിനിമക്ക് പണം കണ്ടെത്തുന്നത് എളുപ്പമാകുമെന്ന് കരുതിയെന്നും പക്ഷെ അതുണ്ടായില്ലെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗീതു പറഞ്ഞു.
പുരസ്കാരങ്ങൾ ചിത്രത്തിന് സാമ്പത്തികം കണ്ടെത്താൻ സഹായിക്കില്ല: ഗീതു മോഹൻദാസ് - ഗീതു മോഹൻദാസ്
നിങ്ങള്‍ ഒരു സ്വതന്ത്ര സംവിധായകനോ സംവിധായികയോ ആണെങ്കില്‍ സിനിമ ചെയ്യുന്നതിനായി പണം കണ്ടെത്താന്‍ ഏറെ സമയമെടുക്കുമെന്ന് ഗീതു മോഹൻദാസ് പറയുന്നു
'''നിങ്ങള്‍ ഒരു സ്വതന്ത്ര സംവിധായകനോ സംവിധായികയോ ആണെങ്കില്‍ സിനിമ ചെയ്യുന്നതിനായി പണം കണ്ടെത്താന്‍ ഏറെ സമയമെടുക്കും. 'ലയേഴ്സ് ഡൈസ്' മികച്ച അഭിപ്രായം നേടുകയും പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ കരുതി എന്‍റെ രണ്ടാമത്തെ സിനിമയ്ക്ക് പണം കണ്ടെത്തുന്നത് എളുപ്പമാകുമെന്ന്. പക്ഷേ, അങ്ങനെയുണ്ടായില്ല. നല്ല അഭിപ്രായം നേടിയെങ്കിലും ബോക്‌സ് ഓഫീസില്‍ പിടിച്ച് നില്‍ക്കാന്‍ സിനിമയ്ക്കായില്ല. അടുത്ത തവണ അങ്ങനെയുണ്ടാവില്ലെന്നാണ് പ്രതീക്ഷ''- ഗീതു പറഞ്ഞു.
ഗീതു ആദ്യമായി സംവിധാനം ചെയ്ത ലയേഴ്സ് ഡൈസ് 87-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരൂപക പ്രശംസ ഉൾപ്പടെ നേടിയ ചിത്രം ദേശീയപുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. നിവിന്‍ പോളി നായകനായ മൂത്തോൻ ആണ് ഗീതുവിന്‍റെ രണ്ടാമത്തെ ചിത്രം. 21-ാമത് മുംബൈ ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടനചിത്രമായിരുന്നു മൂത്തോൻ. കൂടാതെ, ടൊറന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. മലയാളത്തിലും ഹിന്ദിയിലുമായി സംവിധാനം ചെയ്ത സിനിമ നവംബറില്‍ തിയേറ്ററുകളിലെത്തും.