മലയാളത്തിന്‍റെ പ്രിയ നടൻ കൊച്ചിൻ ഹനീഫ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒമ്പത് വർഷം പിന്നിടുന്നു. 2010 ഫെബ്രുവരി രണ്ടിനാണ് മലയാളികളെയെല്ലാം കണ്ണീരിലാഴ്ത്തി കൊച്ചിൻ ഹനീഫ എന്ന അതുല്യപ്രതിഭ ഓർമ്മയായത്. ഹാസ്യാത്മകമായ ആ മനസും ചിന്തയും അഭിനയവും ഇന്നും മലയാള സിനിമയില്‍ ജീവിക്കുന്നു.
എഴുപതുകളുടെ അവസാനമാണ് സലീം അഹമ്മദ് ഘൗഷ് എന്ന കൊച്ചിൻ ഹനീഫ സിനിമാരംഗത്ത് എത്തുന്നത്. വില്ലനായി സിനിമയിലെത്തിയ അദ്ദേഹം പതിയെ സിനിമയുടെ ഓരോ മേഖലയിലേക്കും കടക്കുകയായിരുന്നു. വില്ലനായി സിനിമകളിൽ നിറഞ്ഞ് നിൽക്കുമ്പോഴാണ് 'മൂന്നുമാസങ്ങൾക്ക് മുമ്പ്' എന്ന സൂപ്പർഹിറ്റ് ചിത്രം അദ്ദേഹം സംവിധാനം ചെയ്യുന്നത്. പിന്നീട് ഒരു സന്ദേശം കൂടി, ആണ്‍കിളിയുടെ താരാട്ട്, വാത്സല്യം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ലോഹിതദാസിന്‍റെ രചനയില്‍ കൊച്ചിന്‍ ഹനീഫ ഒരുക്കിയ ‘വാത്സല്യം’ മലയാളത്തിലെ എക്കാലത്തെയും മികച്ച സൃഷ്ടികളില്‍ ഒന്നാണ്. കുടുംബപ്രേക്ഷരുടെ ഉള്ളുലയ്ക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തതില്‍ ഭൂരിഭാഗവും. ഇത് കൂടാതെ ആറ് തമിഴ് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. കടത്തനാടന്‍ അമ്പാടി, ലാല്‍ അമേരിക്കയില്‍, ഇണക്കിളി എന്നിവയുടെ തിരക്കഥാകൃത്തായി.
എൺപതുകളുടെ അവസാനത്തോടെ ഹനീഫയിലെ കലാകാരന്‍റെ മറ്റൊരു മുഖമാണ് പ്രേക്ഷകർ കണ്ടത്. വില്ലനില്‍ നിന്ന് ഗൗരവമേറിയ സിനിമകളുടെ സംവിധായകനായ ഹനീഫ തനി കോമഡി കഥാപാത്രങ്ങളിലേക്ക് ചുവടുമാറുകയായിരുന്നു. അതിന് തുടക്കം കുറിച്ചതാകട്ടെ 'കിരീടം' എന്ന സൂപ്പർഹിറ്റ് സിനിമയിലെ ഹൈദ്രോസ് എന്ന കഥാപാത്രവും. ഇതോടെ ഹനീഫയെത്തേടി ഒട്ടേറെ സിനിമകളെത്തി.
മാന്നാര്‍ മത്തായി സ്പീക്കിംഗ്, പഞ്ചാബിഹൗസ്, അനിയത്തിപ്രാവ്, ഹിറ്റ്ലര്‍, പത്രം, സി.ഐ.ഡി മൂസ, മീശമാധവൻ തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ അദ്ദേഹം പ്രേക്ഷകര്‍ക്ക് ഹാസ്യത്തിന്‍റെ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു. കിരീടത്തിലെ പേടിത്തൊണ്ടനായ ചട്ടമ്പി ഹൈദ്രാസിന്‍റെ ‘കീരിക്കാടന്‍ ചത്തേയ്’, മീശമാധവനിലെ ചേക്കിലെ യുത്ത് വിംങ് പ്രസിഡന്‍റായ പെടലിയുടെ ‘പിള്ളേച്ചാ ശവത്തില്‍ കുത്തരുത്' തുടങ്ങിയ ഡയലോഗുകൾ മലയാള സിനിമയുള്ളിടത്തോളം കാലം മലയാളി മറക്കില്ല.
2001ല്‍ ലോഹിതദാസിന്‍റെ 'സൂത്രധാരന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും ഹനീഫയെ തേടിയെത്തി. ശങ്കർ സിനിമകളിലെ സ്ഥിര സാനിധ്യമായിരുന്നു അദ്ദേഹം. കമലഹസനൊപ്പം അഭിനയിച്ച 'മഹാനദി'യിലെ പ്രകടനം ദക്ഷിണേന്ത്യ മുഴുവന്‍ അദ്ദേഹത്തിന് പ്രശംസ നേടിക്കൊടുത്തു.
മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ ഹനീഫ അഭിനയിച്ചിട്ടുണ്ട്. താരജാഡകളില്ലാതെ, വിവാദങ്ങൾ സൃഷ്ടിക്കാതെ, ആരേയും വേദനിപ്പിക്കാത്തതായിരുന്നു കൊച്ചിൻ ഹനീഫ എന്ന കലാകാരന്‍റെ സിനിമാജീവിതം. അരങ്ങൊഴിഞ്ഞിട്ട് ഒമ്പത് വർഷമായെങ്കിലും 'ആശാനേ..'എന്ന ഹാസ്യം കലർന്ന നിഷ്കളങ്കമായ വിളി കാലമെത്ര കഴിഞ്ഞാലും മലയാളി പ്രേക്ഷകരുടെ കാതിൽ മുഴങ്ങിക്കേൾക്കും.