എറണാകുളം: പുതിയ സിനിമകളുടെ ചിത്രീകരണം ഞായറാഴ്ച മുതൽ ആരംഭിക്കുന്നതിനെതിരെ നിർമാതാക്കളുടെ സംഘടന രംഗത്ത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ താര സംഘടന അമ്മയ്ക്കും, സംവിധായകരുടെ സംഘടന ഫെഫ്കയ്ക്കും ഇത് സംബന്ധിച്ച് കത്തു നൽകി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർമാണം മുടങ്ങിയ സിനിമകൾ ആദ്യം പൂർത്തിയാക്കാനാണ് സിനിമാ സംഘടനകൾ തമ്മിൽ ധാരണയുണ്ടായിരുന്നത്.
സിനിമാ ചിത്രീകരണത്തിനെതിരെ നിർമാതാക്കളുടെ സംഘടന - ഫെഫ്ക
പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്നാണ് ആവശ്യം. കൊവിഡ് പശ്ചാത്തലത്തിൽ മലയാള ചലച്ചിത്രങ്ങളുടെ ഷൂട്ടിങ് നിർത്തിവച്ചിരുന്നു.
ഇതിനെതിരായി ഫഹദ് ഫാസിൽ ചിത്രം "സീ യൂ സൂൺ"ന്‍റെ ഷൂട്ടിങ് ഞായറാഴ്ച ആരംഭിക്കുന്നതാണ് നിർമാതാക്കളുടെ എതിർപ്പിന് കാരണം. മഹേഷ് നാരായണനാണ് ഈ ചിത്രം സംവിധാനം നിർവഹിക്കുന്നത്. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലാണ് ഞായറാഴ്ച രാവിലെ ചിത്രീകരണം തുടങ്ങുന്നത്. അതേസമയം ഇത് വാണിജ്യ സിനിമയല്ലെന്നാണ് സംവിധായകന്‍റെ നിലപാട്. ലോക്ക് ഡൗണിൽ തടസപ്പെട്ട സിനിമകളുടെ ചിത്രീകരണം നേരത്തെ പുനരാരംഭിച്ചിരുന്നു. ലാൽ സംവിധാനം ചെയ്യുന്ന സുനാമിയുടെ ഇൻഡോർ ഷൂട്ടിങ് ആയിരുന്നു കൊച്ചിയിൽ നടന്നത്. പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിക്കുന്നുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ എതിർപ്പുമായി പ്രൊഡ്യൂസേഴ്സ് അസോഡിയേഷൻ രംഗത്തെത്തിയിരുന്നു.
പുതിയ സിനിമകൾ തുടങ്ങരുതെന്ന നിർദേശം ലംഘിക്കുന്ന നിലപാട് ശരിയല്ല. ചലച്ചിത്ര സംഘടനകളുടെ തീരുമാനം ലംഘിക്കുന്നവരുമായി സഹകരിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചിരുന്നു. ഇത്തരത്തിൽ നിർമിക്കുന്ന സിനിമകൾക്ക് തിയേറ്റർ റിലീസ് ഉണ്ടാകില്ലെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. തുടർന്നാണ് ഒരു പടികൂടി കടന്ന് സിനിമാ മേഖലയിലെ മറ്റു സംഘടനകളുടെകൂടി ഈ വിഷയത്തിൽ ഉൾപ്പെടുത്താനുള്ള നീക്കവുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്ത് എത്തിയിരിക്കുന്നത്.