കേരളം

kerala

ETV Bharat / sitara

ധീര ജവാന്മാർക്ക് സല്യൂട്ട്; ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകവും

രാജ്യത്തിന് വേണ്ടി സ്വജീവൻ അർപ്പിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് നാനാതുറകളിൽപെട്ട ജനങ്ങൾ.

ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകവും

By

Published : Feb 15, 2019, 12:34 PM IST

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള വാർത്ത ഞെട്ടലോടെയും വേദനയോടെയുമാണ് രാജ്യം കേട്ടത്. 44 സിആർപിഎഫ് ജവാന്മാരാണ് ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്. ജവാന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് സിനിമാതാരങ്ങളും രംഗത്തുണ്ട്.

മോഹൻലാല്‍, ആമിർ ഖാൻ, അനുഷ്ക ശർമ്മ, സല്‍മാൻ ഖാൻ തുടങ്ങി നിരവധിയേറെ പേരാണ് പ്രാർത്ഥനകളോടെ ജവാന്മാരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നത്. അതിര്‍ത്തിയില്‍ ജവാന്മാരുടെ ജീവനുകള്‍ പൊലിഞ്ഞ വാര്‍ത്തകള്‍ ഏറെ ദു:ഖിപ്പിപ്പിച്ചുവെന്നും മരിച്ചവരുടെ കുടുംബത്തോടൊപ്പമാണ് മനസ്സെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നുമാണ് ബോളിവുഡ് താരങ്ങളുടെ പ്രതികരണം. 'ഇത്തരമൊരു നിഷ്ഠൂര ആക്രമണത്തിന് ശേഷം വിജയമാഘോഷിക്കുന്ന ഇവര്‍ ആരാണ്? രക്തം ചിന്തി ആനന്ദിക്കുന്നവരുടെ ചിരികള്‍ മാത്രമല്ല, മുഖങ്ങള്‍ തന്നെ തുടച്ചു മാറ്റണം...തിരിച്ചടിക്കണം.. ' നടന്‍ ആര്‍. മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. മാധവനോടൊപ്പം ശബാന ആസ്മി, റിഷി കപൂര്‍, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര, ദിയാ മിര്‍സ, സൂര്യ തുടങ്ങിയവരും പ്രതികരിച്ചിട്ടുണ്ട്.

“രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോർക്കുമ്പോൾ വേദനയാൽ ഹൃദയം നിന്നുപോവുന്നു. അവർ വേദനങ്ങളെ അതിജീവിച്ച് പൂർവ്വസ്ഥിതിയിലാകാൻ നമുക്കു പ്രാർത്ഥിക്കാം, നമുക്ക് അവരുടെ ദുഖത്തിൽ പങ്കുചേരാം,” മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിക്കുന്നു.

“പുൽവാമയിലെ ഭീകരാക്രമണത്തിൽ മരിച്ച സി ആർ പി എഫ് ജവാന്മാരെ കുറിച്ചുള്ള വാർത്ത ഹൃദയം തകരുന്ന വേദനയോടെയാണ് വായിച്ചത്. വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു,” ആമിർ​ഖാൻ ട്വിറ്ററിൽ കുറിക്കുന്നു. നടന്‍ കുഞ്ചാക്കോ ബോബന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, നിവിൻ പോളി തുടങ്ങിയവരും പുല്‍വാമ സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി പോസ്റ്റുകളിട്ടിരുന്നു.

ശ്രീനഗറിൽ നിന്ന് 17 കിലോമീറ്റർ ദൂരെയുള്ള പുൽവാമയിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:15 ഓടെയാണ് രാജ്യത്തെ നടുക്കിയ ചാവേർ ആക്രമണം നടന്നത്. സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ 350 കിലോയോളം സ്ഫോടകവസ്തുക്കൾ നിറച്ച സ്കോർപ്പിയോ ഇടിച്ചു കയറുകയായിരുന്നു. പാക് ഭീകരസംഘടനയായ ജയ്ശെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഒട്ടേറെ വാഹനങ്ങൾ സ്ഫോടനത്തിൽ തകരുകയും നിരവധിയേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 78 വാഹനങ്ങളിലായി 2547 ജവാന്മാരാണ് വാഹനവ്യൂഹത്തിലുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.

ABOUT THE AUTHOR

...view details