2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ നിരവധി സിനിമാ താരങ്ങളും മത്സരത്തിനിറങ്ങിയിരുന്നു. ഇതില്‍ ചിലർ താര പകിട്ടിനിടയിലും ഇടറി വീണപ്പോൾ, ചിലർ കരകയറി. ബിജെപിക്ക് വേണ്ടിയാണ് ഭൂരിഭാഗം താരങ്ങളും മത്സരിച്ചത്
2019 ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയ താരങ്ങളും ഫ്ലോപ് താരങ്ങളും വിജയിച്ച സിനിമാ താരങ്ങൾ
സണ്ണി ഡിയോൾ
ബി.ജെ.പി ടിക്കറ്റിൽ ഇത്തവണ മത്സരിച്ച ബോളിവുഡ് നടൻ സണ്ണി ഡിയോൾ വിജയിച്ചു. ഗുർദാസ്പൂരിൽ നിന്നും എൺപതിനായിരത്തിലധികം ഭൂരിപക്ഷം നേടി കൊണ്ടാണ് സണ്ണി ഡിയോൾ തെരഞഞെടുക്കപ്പെട്ടത്. മുതിർന്ന കോൺഗ്രസ് നേതാവ് ബല്‍റാം ഝാക്കറുടെ മകനും എംപിയുമായ സുനില്‍ ഝാക്കറെയെ തോല്‍പ്പിച്ചാണ് താരം ഇവിടെ വിജയം കൊയ്തത്.
ഹേമ മാലിനി
ഉത്തർപ്രദേശിലെ മാഥുര മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച നടി ഹേമ മാലിനി കോൺഗ്രസിന്‍റെ മഹേഷ് പഥകിനെയാണ് പരാജയപ്പെടുത്തിയത്. ആറ് ലക്ഷത്തിലധികം വോട്ടുകൾക്കാണ് ഹേമ മാലിനിയുടെ വിജയം.
സ്മൃതി ഇറാനി
കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയെയാണ് അമേഠിയില്‍ സ്മൃതി ഇറാനി തോല്‍പ്പിച്ചത്. 2004 മുതല്‍ അമേഠിയെ പ്രതിനിധീകരിച്ച പാർലമെന്‍റിലെത്തിയ രാഹുലിന് പക്ഷെ നാലാം വട്ടം ജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല.
മനോജ് തിവാരി
ഭോജ്പുരി ഗായകനും നടനുമായ മനോജ് തിവാരിയാണ് ബിജെപിക്ക് വേണ്ടി ജയിച്ച മറ്റൊരാൾ. മുൻ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെയാണ് അദ്ദേഹം തോല്‍പ്പിച്ചത്.
സുമലത
കർണാടകയിലെ മാണ്ഡ്യയില്‍ നിന്നും ജനവിധി തേടിയ സുമലത ഒരു ലക്ഷം വോട്ടുകൾക്കാണ് ജയിച്ചത്. ഭർത്താവ് അംബരീഷിന്‍റെ അപ്രതീക്ഷിത മരണത്തിന് പിറകെ രാഷ്ട്രീയത്തിലിറങ്ങിയ സുമലത ഐ.എൻ.ഡി സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്.
നുസ്രത്ത് ജഹാൻ
തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ താര സ്ഥാനാര്‍ഥിയായി ബസിര്‍ഹത്തില്‍ നിന്ന് മത്സരിച്ച നുസ്രത്ത് ജഹാൻ ഒരുലക്ഷത്തിനടുത്ത് വോട്ടിന്‍റെ ലീഡില്‍ വിജയിച്ചു. ആദ്യമായാണ് നുസ്രത്ത് മത്സരിച്ചതെങ്കിലും തൃണമൂലിന്‍റെ ശക്തികേന്ദ്രമാണ് നടിയെ തുണച്ചത്.
തോറ്റ സിനിമാ താരങ്ങൾ
ഇന്നസെന്‍റ്
എല്‍.ഡി.എഫ് ടിക്കറ്റില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും മത്സരിച്ച ഇന്നസെന്‍റ് യു.ഡി.എഫിന്‍റെ ബെന്നി ബെഹനാനോട് ലക്ഷം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തിലൊഴികെ ഒരിക്കല്‍ പോലും മുന്നിലെത്താൻ ഇന്നസെന്‍റിന് സാധിച്ചിരുന്നില്ല.
സുരേഷ് ഗോപി
തൃശ്ശൂർ മണ്ഡലത്തില്‍ നിന്നും ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച സുരേഷ് ഗോപിയും തോല്‍വി ഏറ്റുവാങ്ങി. 'തൃശ്ശൂർ എനിക്ക് വേണം' എന്ന് പറഞ്ഞ സുരേഷ് ഗോപിക്ക് പക്ഷെ തൃശ്ശൂർക്കാർ 'തൃശ്ശൂർ കൊടുത്തില്ല'. കോൺഗ്രസിന്‍റെ യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ പ്രതാപനോടാണ് സുരേഷ് ഗോപി തോറ്റത്.
പ്രകാശ് രാജ്
ബംഗളുരു സെന്‍ട്രെലില്‍ നിന്നും മത്സരിച്ച തെന്നിന്ത്യൻ താരം പ്രകാശ് രാജിനും തോല്‍വിയായിരുന്നു വിധി. സ്വതന്ത്രനായി മത്സരിച്ച പ്രകാശ് രാജ് മൂന്നാം സ്ഥാനത്താണ് എത്തിയത്. തന്‍റെ കരണത്തേറ്റ ശക്തിയായ അടിയാണിതെന്നായിരുന്നു തോല്‍വിക്ക് ശേഷം അദ്ദേഹത്തിന്‍റെ പ്രതികരണം.
ഊർമിള മണ്ഡോദ്കർ
രംഗീല എന്ന ബോളിവുഡ് ചിത്രത്തിലൂടെ പ്രേക്ഷക മനം കവർന്ന ഊർമിള മണ്ഡോദ്കർ മുംബൈ നോർത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. നാലര ലക്ഷത്തിലധികം വോട്ടുകളുടെ ലീഡാണ് ബിജെപിയുടെ ഗോപാല്‍ ഷെട്ടി ഊർമിളയ്ക്കെതിരെ നേടിയത്.
ജയപ്രദ
രാംപൂരിൽ നിന്നും ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച ജയപ്രദയും പരാജയപ്പെട്ടു. ബോളിവുഡ് താരവും സമാജ്‍വാദി പാർട്ടി നേതാവുമായ ആസം ഖാനോടാണ് സുമലത പരാജയപ്പെട്ടത്.
ശത്രുഘ്നൻ സിൻഹ
ബിജെപി വിട്ട് കോൺഗ്രസില്‍ ചേർന്ന നടനും എംപിയുമായ ശത്രുഘ്നൻ സിൻഹ പട്ട്നയിലെ പട്ട്നാ സാഹിബ് മണ്ഡലത്തില്‍ പരാജയപ്പെട്ടു. ബിജെപി സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ രവിശങ്കർ പ്രസാദാണ് ഇവിടെ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത്.
പൂനം സിൻഹ
ഉത്തർപ്രദേശിലെ ലക്നൗവില്‍ നിന്നാണ് നടിയും ശത്രുഘ്നൻ സിൻഹയുടെ ഭാര്യയുമായ പൂനം സിൻഹ മത്സരിച്ചത്. സമാജ്വാദി പാർട്ടി ടിക്കറ്റില്‍ മത്സരിച്ച പൂനം സിൻഹയ്ക്ക് വെറും 25.9 ശതമാനം വോട്ട് മാത്രമാണ് നേടാനായത്.