കേരളം

kerala

By

Published : Nov 4, 2019, 7:30 PM IST

Updated : Nov 4, 2019, 8:47 PM IST

ETV Bharat / sitara

ബിനീഷ് ബാസ്റ്റിൻ- അനിൽ രാധാകൃഷ്ണ മേനോൻ പ്രശ്നം ഒത്തുതീർപ്പാക്കി

സംഭവത്തിൽ ജാതീയ അധിക്ഷേപമില്ലെന്നും അനിൽ രാധാകൃഷ്‌ണ മേനോന്‍റെ ജാഗ്രതക്കുറവാണ് കാരണമെന്നും ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു. പ്രശ്‌നം ഒത്തുതീർപ്പായെങ്കിലും അനിൽ രാധാകൃഷ്‌ണന്‍റെ ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് ബിനീഷ് ബാസ്റ്റിൻ അറിയിച്ചു.

ബിനീഷ് ബാസ്റ്റിൻ

എറണാകുളം: അനിൽ രാധാകൃഷ്‌ണ മേനോനും ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചതായി ഫെഫ്‌ക. ഇന്ന് കൊച്ചിയിൽ നടന്ന സമവായ ചർച്ചയിലാണ് പ്രശ്‌നപരിഹാരമായത്. എന്നാൽ അനിൽ രാധാകൃഷ്‌ണന്‍റെ സിനിമയിൽ ഇനി അഭിനയിക്കാനില്ലെന്ന് ബിനീഷ് ബാസ്റ്റിൻ അറിയിച്ചു. സംവിധായകന്‍ അനിൽ രാധാകൃഷ്‌ണ മേനോന് സംഭവത്തിൽ ജാഗ്രതക്കുറവുണ്ടായെന്ന് സംവിധായകനും ഫെഫ്‌ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു. ജാതീയമായ അധിക്ഷേപം നടന്നെന്ന ആരോപണം തെറ്റാണ്. ജാതീയമായ അധിക്ഷേപമെന്നത് ചിലരുടെ അതിവായനയാണ്. അത്തരമൊരു പരാതി ബിനീഷ് ബാസ്റ്റിനും ഇല്ലെന്ന് ഉണ്ണിക്യഷ്‌ണൻ വിശദീകരിച്ചു. അതിനാൽത്തന്നെ അനിൽ രാധാകൃഷ്‌ണന്‍റെ പെരുമാറ്റത്തിൽ ജാതീയമായ വിവേചനം ഉണ്ടായിട്ടില്ലെന്നുള്ളതാണ് ഫെഫ്‌കയുടെ വിലയിരുത്തൽ. അനിൽ സംഭവത്തിൽ ക്ഷമാപണം നടത്തിയതിനാൽ മറ്റ് നടപടികളിലേക്ക് സംഘടന കടക്കുന്നില്ലെന്നും ഫെഫ്‌ക ഡയറക്‌ടേഴ്‌സ് യൂണിയൻ മെമ്പറായി അദ്ദേഹം തുടരുമെന്നും ചർച്ചയിൽ തീരുമാനമെടുത്തു.

ബിനീഷ് ബാസ്റ്റിനെതിരെയുള്ള അധിക്ഷേപം ഫെഫ്‌ക ഒത്തുതീര്‍പ്പാക്കി

വർഗ്ഗപരമായ വിവേചനം നടന്നുവെന്ന ആരോപണത്തിൽ സംശയത്തിന്‍റെ ആനുകൂല്യം നൽകുകയാണ്. ഇതിൽ പക്ഷം പിടിക്കാനില്ല. അനിൽ നൽകിയ വിശദീകരണത്തിൽ ഇത്തരമൊരു ആരോപണം നിഷേധിച്ചിട്ടുണ്ട്. കൂടാതെ, ഫെഫ്‌കയുടെ എല്ലാ പിന്തുണയും ബിനീഷിന് ഉണ്ടാകുമെന്നും ബി. ഉണ്ണികൃഷ്‌ണൻ പറഞ്ഞു. പ്രശ്‌നങ്ങൾക്ക് പരിഹാരമായെങ്കിലും അനിൽ രാധാകൃഷ്‌ണന്‍റെ ചിത്രങ്ങളിൽ ഇനി അഭിനയിക്കില്ലെന്ന് ബിനീഷ് ബാസ്റ്റിനും അറിയിച്ചു. എന്നാൽ, ബിനീഷുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നാണ് അനിൽ രാധാകൃഷ്ണ മേനോന്‍റെ പക്ഷം. അടുത്ത സിനിമയിൽ ബിനീഷിന് ഒരു വേഷം താൻ നിശ്ചയിച്ചിരുന്നതായും ബിനീഷ് തന്‍റെ നിലപാട് അറിയിച്ചതിനാൽ പകരം ആളെ കണ്ടെത്തുമെന്നും സംവിധായകന്‍ വ്യക്തമാക്കി. കുടുംബത്തിനെതിരെ വരെ സൈബർ ആക്രമണമുണ്ടായെന്നും ഇതിൽ തനിക്ക് സങ്കടമുണ്ടെന്നും സംവിധായകൻ അനിൽ രാധാകൃഷ്‌ണൻ പറഞ്ഞു. എന്നാൽ പരാതിയില്ല. ചിലരുടെ പെട്ടന്നുള്ള വൈകാരികപ്രകടനമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ചർച്ചക്ക് ശേഷം പരസ്‌പരം കൈ കൊടുത്ത് ആലിംഗനം ചെയ്താണ് ബിനീഷ് ബാസ്റ്റിനും അനിലും മടങ്ങിയത്. ഫെഫ്‌ക പ്രസിഡന്‍റ് സിബി മലയിൽ, സോഹാൻ സിനുലാൽ തുടങ്ങിയവരും സമവായ ചർച്ചയിൽ പങ്കെടുത്തു.

Last Updated : Nov 4, 2019, 8:47 PM IST

ABOUT THE AUTHOR

...view details