പൃഥ്വിരാജിനെ നായകനാക്കി ജയ് കൃഷ്ണ സംവിധാനം ചെയ്ത ഹിറ്റ് ഹൊറർ ചിത്രം 'എസ്ര'യ്ക്ക് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ജയ് കൃഷ്ണ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇമ്രാൻ ഹാഷ്മിയാണ് നായകനായി എത്തുന്നത്.
എസ്ര ഹിന്ദിയിലേക്ക്, പൃഥ്വിരാജിന് പകരം ഇമ്രാൻ ഹാഷ്മി - എസ്ര ഹിന്ദി
സുദേവ് നായർ, ടൊവിനോ തോമസ്, സിദ്ധിഖ് തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 50 കോടിയിലേറെ കളക്ഷൻ നേടിയിരുന്നു.
പനോരമ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്‍റെ നിർമ്മാതാക്കൾ. കിഷൻ കുമാർ, ഭൂഷൺ കുമാർ, കുമാർമങ്ങാട് പതക്, അഭിഷേക് പതക് എന്നിവർ ചേർന്നാണ് പനോരമയുടെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. മുംബൈ, മൗറീഷ്യസ് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ മറ്റ് വിവരങ്ങൾ ഇനിയും പുറത്ത് വിട്ടിട്ടില്ല.
മലയാളത്തിൽ മികച്ച വിജയം നേടിയ ‘എസ്ര’യിൽ പ്രിയ ആനന്ദായിരുന്നു നായിക. “എസ്ര കണ്ട് കുമാർ ജിയും അഭിഷേകുമാണ് എന്നെ ബോധ്യപ്പെടുത്തിയത്, കുറച്ച് കൂടി വലിയൊരു കാൻവാസിൽ പറയേണ്ട ചിത്രമാണിതെന്ന്. ഹൊറർ ചിത്രങ്ങളുടെ ശ്രേണിയിൽ പുതുമയുള്ള സമീപനം സ്വീകരിച്ച എസ്രയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. പനോരമ സ്റ്റുഡിയോയും ഇമ്രാൻ ഹാഷ്മിയെ പോലൊരു താരവും കൈകോർക്കുമ്പോൾ പ്രതീക്ഷകളേറെയുണ്ട്,” സംവിധായകൻ ജയ് കൃഷ്ണ പറഞ്ഞു.