കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം കോൾഡ് കേസിന്‍റെ ക്ലൈമാക്സും ട്വിസ്റ്റുകളും പുറത്തു വിടുന്നവർക്കെതിരെ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ്. മറ്റൊരാളുടെ ആസ്വാദനത്തെ ബാധിക്കുന്ന രീതിയിൽ സിനിമയുടെ പ്രധാന വഴിത്തിരിവും ക്ലൈമാക്സും പുറത്തുവിടുന്നത് കുറ്റകൃത്യമാണെന്ന് പൃഥ്വിരാജ് ആമസോൺ പ്രൈം പുറത്തുവിട്ട വീഡിയോയിലൂടെ പറഞ്ഞു.
'ഞാൻ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. രഹസ്യം വെളിപ്പെടുത്തരുത്. ആരാധകരെയും പ്രേക്ഷകരെയും കേസ് പരിഹരിക്കാൻ അനുവദിക്കുക' എന്ന കാപ്നോടെയാണ് വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
'നിങ്ങള്‍ ഒരു കുറ്റകൃത്യം ചെയ്യുന്നത് വരെയോ മറ്റൊരാളുടെ കുറ്റകൃത്യത്തില്‍ ഭാഗമാകുന്നത് വരെയോ കുറ്റകൃത്യം എന്ന നാലക്ഷര വാക്കിന് നിങ്ങളുടെ ജീവിതത്തില്‍ യാതൊരു പ്രസക്തിയുമില്ല. നിഗൂഢമായ ഒരു ത്രില്ലര്‍ സിനിമ കണ്ടിട്ട്, മറ്റൊരാളുടെ ത്രില്‍ നശിപ്പിക്കുമെന്ന് അറിഞ്ഞുകൊണ്ട് ആ സിനിമയുടെ ക്ലൈമാക്‌സോ മറ്റ് ട്വിസ്റ്റുകളോ വെളിപ്പെടുത്തുന്നത് ഒരു കുറ്റകൃത്യമാണ്. സംസാരിക്കുന്നതിന് മുൻപ് രണ്ട് വട്ടം ആലോചിക്കുക. മറ്റൊരാളുടെ കോൾഡ് കേസ് ത്രിൽ നശിപ്പിക്കാതിരിക്കുക.' പൃഥ്വിരാജ് വീഡിയോയിലൂടെ പറയുന്നു.
Also Read: 'ആണും പെണ്ണും' ഒടിടിയിൽ റിലീസ് ചെയ്തു
ശ്രീനാഥ് വി. നാഥിന്‍റെ തിരക്കഥയിലൊരുങ്ങിയ ചിത്രം തനു ബാലക്ക് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ സുപരിചിതയായ അതിഥി ബാലനാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അയ്യപ്പനും കോശിയും ചിത്രത്തിന് ശേഷം അനിൽ നെടുമങ്ങാട് വീണ്ടും പൊലീസ് വേഷത്തിൽ എത്തിയ ചിത്രം കൂടിയാണിത്. ഗിരീഷ് ഗംഗാധരൻ, ജോമോൻ.ടി.ജോൺ എന്നിവർ ചേർന്നാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.