രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരം, ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിന് ശേഷം നിഗൂഢതകളുമായി 'ചുരുളി' എത്തുന്നു. ജെല്ലിക്കെട്ടിന് ശേഷം ലിജോ ജോസഫ് പെല്ലിശ്ശേരിയുടേതായി ഒരുങ്ങുന്ന ചുരുളിയെ കാത്തുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍.
കഴിഞ്ഞ ദിവസമാണ് ചുരുളിയുടെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 1.53 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൗബന്‍ ഷാഹിര്‍ തുടങ്ങിയവര്‍ ട്രെയ്‌ലറില്‍ മിന്നിമറയുന്നുണ്ട്.
കാടിനുള്ളില്‍ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ വിനയ് ഫോര്‍ട്ടിന്‍റെ കഥാപാത്രം വെടിയുതിര്‍ക്കുന്നതോടെയാണ് ട്രെയ്‌ലര്‍ അവസാനിക്കുന്നത്. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച് നിരൂപക പ്രശംസ നേടിയ ചിത്രമാണ് ചുരുളി. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം കൂടിയാണിത്.