ലാല്‍ ജോസിൻ്റെ 'നാല്‍പ്പത്തിയൊന്ന്' എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തലശ്ശേരിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വേനൽ ചൂടിൽ കത്തുന്ന ഷൂട്ടിങ് സെറ്റിനെ തണുപ്പിക്കാൻ ബിജു മേനോൻ പാടിയ പാട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പിനൊപ്പം ലാല്‍ ജോസാണ് തൻ്റെ ഫേസ്ബുക്കിൽ ഇതിൻ്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ബിജു മേനോൻ തൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നതിനെ പറ്റിയും പിന്നീട് തൻ്റെ ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമായതിനെപ്പറ്റിയുമെല്ലാം ലാൽ ജോസ് കുറിപ്പിൽ പറയുന്നുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളം എന്ന ചിത്രത്തിലെ ബിജു മേനോൻ തന്നെ പാടി അഭിനയിച്ച 'ആരൊരാൾ കുളിർമഴയിൽ' എന്ന ഗാനമാണ് താരം വീഡിയോയിൽ പാടുന്നത്.
''1991 ലെ ഒരു വേനല്‍ക്കാലം, സുഹൃത്ത് സംവിധാനം ചെയ്യുന്ന ടെലിഫിലിമിൻ്റെ ഷൂട്ട് കൊടുങ്ങല്ലൂരില്‍ നടക്കുന്നു, ഞാന്‍ അസോസിയേറ്റ് ഡയറക്ടര്‍. ആ സെറ്റില്‍ സന്ദര്‍ശകനായി എത്തിയ സുന്ദരനായ ചെറുപ്പക്കാരന്‍. 'മിഖായേലിൻ്റെ സന്തതി'കളിലെ അലോഷിയായി അതിനകം സുന്ദരികളുടെ ഹൃദയം കവര്‍ന്ന അവനെ യൗവ്വന സഹജമായ അസൂയയോടെ ഞാന്‍ പരിചയപ്പെട്ടു. സംവിധായകനാകും മുമ്പേ ഞാന്‍ പരിചയപ്പെട്ട നടന്‍. എൻ്റെ ആദ്യ സിനിമയായ 'മറവത്തൂര്‍ കനവ്' മുതല്‍ ഒപ്പമുള്ളവന്‍. എൻ്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുളള നടന്‍. എട്ട് സിനിമകള്‍. ഇപ്പോഴിതാ 'നാല്‍പ്പത്തിയൊന്നിലെ' നായകന്‍. തലശ്ശേരിയില്‍ വേനല്‍ കത്തിനില്‍ക്കുമ്പോള്‍ ഷൂട്ടിങ് ടെന്‍ഷനുകളെ തണുപ്പിക്കുന്നത് അവൻ്റെ അസാധ്യ ഫലിതങ്ങളാണ്. ബിജു മേനോന്‍ ഈ സെറ്റിൻ്റെ ഐശ്വര്യം,'' ലാല്‍ ജോസ് ഫേസ്ബുക്കിൽ കുറിച്ചു.
ലാൽ ജോസ് സംവിധാനം ചെയ്യുന്ന 25ാമത്തെ ചിത്രമാണ് 41. നിമിഷ സജയനാണ് ചിത്രത്തിൽ ബിജു മേനോൻ്റെ നായികയായെത്തുന്നത്. ശബരിമല വിഷയമുമായി ബന്ധപ്പെട്ട ചിത്രമാണെന്നും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമാകുന്നുണ്ട്.