സ്വകാര്യതയിലേക്ക് പാപ്പരാസികൾ ഇടിച്ച് കയറുന്നതിനെതിരെ പ്രതികരിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. അടുത്തിടെ മാധ്യമങ്ങളോട് സംവദിക്കുന്നതിനിടെയാണ് അച്ഛനെന്ന നിലയില്‍ താൻ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നത്തെക്കുറിച്ച് അദ്ദേഹം മനസ് തുറന്നത്.
നിങ്ങളുടെ മക്കളോട് നിങ്ങളിത് ചെയ്യുമോ? മകളുടെ അവസ്ഥയില്‍ വികാരാധീനനായി അക്ഷയ് കുമാർ - അക്ഷയ് കുമാർ
മകളുടെ അവസ്ഥയോർത്ത് തനിക്ക് ദേഷ്യവും സങ്കടവുമെല്ലാം വരുന്നുവെന്നും താരം വ്യക്തമാക്കി.
തന്‍റെ മകൾ നിതാരക്ക് പുറത്ത് പോവാൻ ഇഷ്ടമല്ലെന്നും അതിന്‍റെ കാരണം തിരക്കിയപ്പോൾ ഫ്ളാഷ് ലൈറ്റുകളെ പേടിയാണെന്ന് മകൾ പറഞ്ഞത് തന്നെ തകർത്ത് കളഞ്ഞുവെന്നും അക്ഷയ് പറഞ്ഞു. കുഞ്ഞുനിതാരയുടെ അവസ്ഥയോർത്ത് തനിക്ക് ദേഷ്യവും സങ്കടവുമെല്ലാം വരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. '6 വയസ് മാത്രമാണ് നിതാരയ്ക്കുള്ളത്. താരങ്ങളെന്ന നിലയിൽ സ്വകാര്യത നഷ്ടപ്പെടുന്നതിൽ ആകുലത ഇല്ല. പക്ഷേ കുഞ്ഞുങ്ങളുടെ കാര്യം അങ്ങനെ അല്ല. ലൈം ലൈറ്റിൽ വരാൻ ആഗ്രഹിക്കാത്തിടത്തോളം കാലം അവരെ വെറുതെ വിടണം. അവർ പ്രായപൂർത്തിയായി സ്വയം തീരുമാനമെടുക്കാൻ പ്രാപ്തരാകുന്നത് വരെ അവരുടെ സ്വാതന്ത്ര്യങ്ങളിലും സ്വകാര്യതയിലും ഇടിച്ച് കയറാതിരിക്കാൻ ശ്രമിക്കണം', അക്ഷയ് ആവശ്യപ്പെട്ടു.
മകൻ ആരവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ പേരിൽ അവനെ വിമർശിക്കുന്നവരോടും അക്ഷയ്ക്ക് ഒരു അഭ്യർഥനയുണ്ട്. ''നിങ്ങളുടെ കുഞ്ഞുങ്ങളോട് ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്യുന്നത് നിങ്ങൾക്ക് സഹിക്കാൻ കഴിയുമോ? 21 വയസ്സിൽ താഴെയുള്ള കുട്ടികളെക്കുറിച്ച് അസംബന്ധങ്ങൾ പറയുന്നത് നിയമവിരുദ്ധമാണ്. ഒരു രക്ഷിതാവെന്ന നിലയിൽ കുഞ്ഞുങ്ങളുടെ മാനസിക ആരോഗ്യത്തെ കുറിച്ചും ഇത്തരം പാപ്പരാസികൾ ഏൽപ്പിക്കുന്ന ആഘാതത്തെ കുറിച്ചും തനിക്ക് ആകുലതയുണ്ടെന്ന് അക്ഷയ് കൂട്ടിച്ചേർത്തു.