കേരളം

kerala

ETV Bharat / sitara

'ആകാശഗംഗ 2' ബുധനാഴ്ച ആരംഭിക്കും; വാർത്ത പങ്കുവച്ച് വിനയൻ - vinayan

ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കുന്നത്. ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തും.

akashaganga

By

Published : Apr 22, 2019, 7:45 PM IST

മലയാളത്തിലെ എക്കാലത്തേയും സൂപ്പർഹിറ്റ് ഹൊറർ ചിത്രങ്ങളിൽ ഒന്നായിരുന്നു വിനയൻ സംവിധാനം ചെയ്ത 'ആകാശഗംഗ'. ചിത്രത്തിൻ്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന വാർത്ത വളരെ ആകാംക്ഷയോടെയാണ് മലയാള സിനിമാ പ്രേക്ഷകർ സ്വീകരിച്ചത്. ആകാശഗംഗ 2വിൻ്റെ ചിത്രീകരണം ബുധനാഴ്ച ആരംഭിക്കുകയാണ്. ചിത്രത്തിൻ്റെ സംവിധായകൻ വിനയൻ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ആകാശഗംഗയുടെ ഷൂട്ടിങ് വേളയിൽ എടുത്ത ഒരു ചിത്രവും ഫേസ്ബുക്ക് കുറിപ്പിനൊപ്പം വിനയൻ പങ്കുവച്ചു.

വിനയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

'സുഹൃത്തുക്കളെ,

ആകാശഗംഗയുടെ രണ്ടാം ഭാഗം 'ആകാശഗംഗ 2' ഈ ബുധനാഴ്ച്ച, ഏപ്രില്‍ 24ന് രാവിലെ തുടങ്ങുകയാണ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കുന്നത്. എല്ലാ സുഹൃത്തുക്കളുടെയും പ്രാര്‍ഥനയും അനുഗ്രഹാശിസുകളും ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു. ആകാശഗംഗയുടെ ഷൂട്ടിംഗ് വേളയില്‍ അന്ന് ലൊക്കേഷനില്‍ വെച്ചെടുത്ത ഒരു ചിത്രമാണ് ഇതോടൊപ്പം ഞാന്‍ പോസ്റ്റ് ചെയ്യുന്നത്. അതിലഭിനയിച്ച അതുല്യരായ പല നടീനടന്മാരും ഇന്നില്ല. അവരുടെ ദീപ്തമായ സ്നേഹസ്മരണകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍. പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു. പുതുമഴയായി വന്നു എന്ന ആകാശഗംഗയിലെ പാട്ട് ബേര്‍ണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യുന്നു. റോഷന്‍ എൻ ജി ആണ് മേക്കപ്പ്. ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഡോള്‍ബി അറ്റ്മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിൻ്റെ സൗണ്ട് മിക്സിംഗ് ചെയ്യുന്നത് തപസ് നായ്ക് ആണ്. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഡിസൈന്‍സ് ഓള്‍ഡ്മങ്ക്സ്. മോഡേണ്‍ ടെക്നോളജിയുടെ ഒന്നും സഹായമില്ലാതെ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ആകാശഗംഗയുടെ ഒന്നാം ഭാഗത്തെക്കാള്‍ സാങ്കേതിക മേന്മയിലും ട്രീറ്റ്മെൻ്റിലും ഏറെ പുതുമകളോടെ അവതരിപ്പിക്കുന്ന ആകാശഗംഗ 2 ഈ വരുന്ന ഓണത്തിന് റിലീസ് ചെയ്യാനാണ് ഉദ്ദേശ്ശിക്കുന്നത്. എല്ലാവരുടെയും സഹകരണം ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.'

1999 ല്‍ പുറത്തിറങ്ങിയ ആദ്യഭാഗത്തിൽ ദിവ്യ ഉണ്ണിയായിരുന്നു നായികയായെത്തിയത്. റിയാസ് ഹസൻ, മുകേഷ്, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ, സുകുമാരി, കൽപ്പന, രാജൻ പി ദേവ്, ഇന്നസെന്റ്, ജഗദീഷ്, കലാഭവൻ മണി, മയൂരി എന്നിവരും ആദ്യ ഭാഗത്തിലുണ്ട്.

ABOUT THE AUTHOR

...view details