തെന്നിന്ത്യൻ സിനിമയുടെ സൂപ്പർസ്റ്റാർ 'തല' അജിത്തിന് ഇന്ന് 48ാം പിറന്നാൾ. മലയാളത്തിന്‍റെ പ്രിയതാരം ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്‍റെ മരുമകനായ അജിത്തിന് കേരളത്തിലും ആരാധകർ നിരവധിയാണ്.
തെന്നിന്ത്യൻ സിനിമയുടെ 'തല'യ്ക്ക് ഇന്ന് പിറന്നാൾ - തല അജിത്ത്
‘ദീന’യിലെ കഥാപാത്രത്തിന്‍റെ പേരായ തലയെന്ന ഓമനപ്പേരിലറിയപ്പെടുന്ന അജിത്തിന് പിറന്നാളാശംസ നേര്‍ന്ന് സിനിമാലോകവും ആരാധകരും.
പാലക്കാട്ടുകാരനായ പി സുബ്രഹ്മണ്യത്തിന്‍റെയും കൊല്‍ക്കത്ത സ്വദേശിനിയായ മോഹിനിയുടെയും രണ്ടാമത്തെ മകനായി 1971 മെയ് ഒന്നിനാണ് അജിത്ത് ജനിച്ചത്. പിന്നീട് കുടുംബം ചെന്നൈയിലേക്ക് മാറുകയായിരുന്നു. 21-ാമത്തെ വയസില്‍ 'അമരാവതി' എന്ന തമിഴ് ചിത്രത്തിലൂടെയാണ് അജിത് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നടൻ വിക്രം ആണ് ഈ ചിത്രത്തില്‍ അജിത്തിന് ശബ്ദം നല്‍കിയത്. 1995ല്‍ പുറത്തിറങ്ങിയ 'ആസൈ' ആയിരുന്നു അജിത്തിന്‍റെ കരിയറിലെ ആദ്യ ഹിറ്റ്. തുടർന്നുള്ള ചിത്രങ്ങളിലൂടെ അജിത്ത് തമിഴ് മക്കളുടെ ഹരമായി. 1999ല്‍ വാലി എന്ന ചിത്രത്തിന് അദ്ദേഹത്തിന് ആദ്യമായി ഫിലിം ഫെയർ അവാർഡ് ലഭിച്ചു.
തന്‍റെ 50ാമത് ചിത്രമായ മങ്കാത വലിയ ആഘോഷമായിട്ടാണ് തല ആരാധകർ വരവേറ്റത്. മുംബൈ, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നടക്കുന്ന ഫോർമുല 3 കാറോട്ട മത്സരത്തില്‍ അജിത് പങ്കെടുക്കാറുണ്ട്. 2004ല്‍ ഇന്ത്യയിലെ മികച്ച മൂന്നാമത്തെ കാറോട്ട ജോതാവായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.