പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന ചിത്രം ‘പിഎം നരേന്ദ്രമോദി’യുടെ ട്രെയിലറിനെതിരെ വീണ്ടും വിമർശനം. ഗാനരചയിതാവ് സമീർ അഞ്ജാനാണ് ഇത്തവണ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്‍റെ ക്രെഡിറ്റ്‌സില്‍ തന്‍റെ പേര് വന്നതെങ്ങനെയെന്ന് അറിയില്ലെന്നും ചിത്രത്തിനായി താന്‍ ഗാനമൊന്നും എഴുതിയിട്ടില്ലെന്നുമാണ് സമീറിന്‍റെ ആരോപണം.
നേരത്തെ ഇതേ ആരോപണവുമായി ഗാനരചയിതാവ് ജാവേദ് അക്തറും രംഗത്തെത്തിയിരുന്നു.``ജാവേദ് അക്തറിന്‍റെ ട്വീറ്റ് കണ്ടപ്പോള്‍ തന്നെ ഞാന്‍ വിളിച്ചു. എന്നേയും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ സമീപിച്ചിട്ടില്ലെന്ന് അറിയിച്ചു. ചിത്രത്തിനായി ഒരു പാട്ടുപോലും ഞാനെഴുതിയിട്ടില്ല. എന്തിനാണ് അവര്‍ എന്‍റെ പേരുപയോഗിച്ചത് എന്നെനിക്ക് അറിയില്ല”, സമീര്‍ പറഞ്ഞു. അതേസമയം നിർമ്മാതാക്കളായ ടി സീരിസുമായും ബന്ധപ്പെട്ടിരുന്നു.എന്നാല്‍ തന്നെ പോലെ അവര്‍ക്കും ഇതിനെ കുറിച്ച് യാതൊരു അറിവുമില്ലെന്നുമാണ് ടി സീരിസ് പറയുന്നതെന്നും സമീർ പറഞ്ഞു.