മകൻ വേദാന്തിന്‍റെ മെഡല്‍ നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് നടൻ മാധവൻ. ദേശീയ തലത്തില്‍ അറിയപ്പെടുന്ന നീന്തല്‍ താരമായ വേദാന്ത് ജൂനിയർ നാഷണല്‍ അക്വാട്ടിക് ചാമ്പ്യൻഷിപ്പ് 2019ല്‍ മൂന്ന് സ്വർണ മെഡലുകളും ഒരു വെള്ളിയുമാണ് കരസ്ഥമാക്കിയത്.
ചാമ്പ്യന്‍ഷിപ്പിന്‍റെ വീഡിയോയും ഫോട്ടോയും മാധവന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ദൈവത്തിന്‍റെ അനുഗ്രഹത്താലും പ്രാർഥനകളാലും വേദാന്ത് ഞങ്ങളെ വീണ്ടും അഭിമാനമണിയിപ്പിക്കുന്നു. ജൂനിയർ നാഷണല്‍ സ്വിം മീറ്റിൽ മൂന്നുസ്വർണവും ഒരു വെള്ളിയും. ദേശീയ തലത്തില്‍ ഇത് വേദാന്തിന്‍റെ ആദ്യ വ്യക്തിഗത മെഡൽ ആണ്. ഇനി ഏഷ്യൻ.’ വീഡിയോ പങ്കുവച്ച് കൊണ്ട് –മാധവൻ കുറിച്ചു.
ഇതിന് മുമ്പും ദേശീയ തലത്തിലും രാജ്യാന്തരതരത്തിലും നിരവധി പുരസ്കാരങ്ങൾ 14കാരനായ വേദാന്തിനെ തേടിയെത്തിയിട്ടുണ്ട്. തായ്‌ലന്‍ഡില്‍ നടന്ന അന്താരാഷ്ട്ര നീന്തല്‍ മത്സരത്തില്‍ വേദാന്ത് ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഡല്‍ഹിയില്‍ നടന്ന 64ാമത് എസ്ജിഎഫ്ഐ നാഷനല്‍ സ്കൂള്‍ ഗെയിംസിലും വേദാന്ത് സ്വര്‍ണം നേടിയിരുന്നു.
സിനിമയില്‍ എത്തുന്നതിന് മുൻപ് കമ്മ്യൂണിക്കേഷൻ, പബ്ലിക്ക് സ്പീക്കിങ് എന്നിവയില്‍ പരിശീലനം നടത്തിയിരുന്ന കാലത്താണ് മാധവൻ തന്‍റെ ശിഷ്യയും കൂട്ടുകാരിയുമായിരുന്ന സരിതയെ വിവാഹം കഴിക്കുന്നത്. 1999ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. 2005ലാണ് ഇരുവർക്കും മകൻ വേദാന്ത് ജനിക്കുന്നത്.