കൊവിഡ് രണ്ടാം തരംഗം ഉലച്ച സിനിമാ മേഖല വീണ്ടും എഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ്. പെട്ടിയിലിരിക്കുന്ന സിനിമകള്‍ തിയേറ്ററുകള്‍ തുറക്കുന്ന മുറയ്‌ക്ക് പ്രേക്ഷകരിലേക്ക് എത്തും.
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ബഹുഭാഷ സിനിമയായ കെജിഎഫ് ചാപ്റ്റര്‍ 2. 2020 ഒക്ടോബറില്‍ എത്തേണ്ടിയിരുന്ന സിനിമ കൊവിഡ് ആദ്യ തരംഗത്തില്‍ ചിത്രീകരണം മുടങ്ങിയതിനാല്‍ റിലീസ് മാറ്റിവെച്ചു. പിന്നീട് ലോക്ക് ഡൗണ്‍ പിന്‍വലിച്ച് ചിത്രീകരണം പുനരാരംഭിച്ചുവെങ്കിലും എല്ലാ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാകാത്തതിനാല്‍ ചിത്രം ജൂലൈയില്‍ റിലീസ് ചെയ്യില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് ജൂലൈ 16ന് ചിത്രം എത്തില്ലെന്നും ജോലികള്‍ ഇനിയും പൂര്‍ത്തിയാവാനുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍റെ അവസാന ഘട്ടത്തിലാണ് ചിത്രമെന്നും രാജ്യത്തെ സിനിമാ തിയേറ്ററുകള്‍ വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ ചിത്രത്തിന്‍റെ റിലീസ് തീരുമാനിക്കുമെന്നും തരണ്‍ കുറിച്ചു.
കെജിഎഫ് തീര്‍ത്ത തരംഗം
ആളും ആരവവുമില്ലാതെ എത്തി ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ചിരുന്നു കെജിഎഫ് ഒന്നാം ഭാഗം. പ്രശാന്ത് നീലാണ് ചിത്രത്തിന്‍റെ സംവിധായകന്‍. കന്നട നടന്‍ യഷ് നായകനാകുന്ന ചിത്രത്തില്‍ സഞ്ജയ് ദത്താണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.