മുംബൈ: സിനിമാമേഖലയിൽ സ്‌ത്രീകൾ ഒരുപാട് മുന്നേറിയെന്ന് എഴുത്തുകാരനും ഗാനരചയിതാവും സംവിധായകുമായ ഗുല്‍സാര്‍. ക്യാമറക്ക് പിന്നിൽ ഹെയർ സ്റ്റൈലിഷറിൽ മാത്രം ഒതുങ്ങിയിരുന്ന റോളുകളിൽ നിന്നും ഇപ്പോൾ മുഖ്യ വേഷത്തിലുള്ള അഭിനേതാക്കളും തിരക്കഥാകൃത്തുക്കളും സംവിധായകരുമായി സ്‌ത്രീകൾ സിനിമയിലേക്ക് കടന്നുവരുന്നത് വളരെ നല്ല കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്‍റെ മകൾ മേഘ്ന ഗുൽസാറിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ബോളിവുഡ് ചിത്രം ഛപാക്കിന്‍റെ ഓഡിയോ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയിൽ സ്‌ത്രീകൾ ഒരുപാട് മുന്നേറിയെന്ന് ഗുല്‍സാര്‍
ടെക്‌നിക്കൽ വിഭാഗത്തിൽ പൊതുവെ സ്‌ത്രീകൾ ഇല്ലാതിരുന്ന കാലത്തിൽ നിന്നും കേന്ദ്ര കഥാപാത്രമായും തിരക്കഥാകൃത്തുക്കളായും സംവിധായകരായും ഇവർ കടന്നുവരുന്നത് നല്ല പ്രവണതയാണെന്ന് ഗുല്‍സാര്‍ പറഞ്ഞു.
ഓസ്‌കാർ അവാർഡ് ജേതാവ് ഗുല്‍സാര്‍ എന്നറിയപ്പെടുന്ന സംപൂരണ്‍ സിങ്ങ് കല്‍റയാണ് ഈ മാസം 10ന് റിലീസിനൊരുങ്ങുന്ന ഛപാക്കിലെ ഗാനങ്ങൾ എഴിതിയിരിക്കുന്നത്. ചിത്രത്തിലെ ഗാനരചന പ്രയാസമുള്ളതായിരുന്നെന്നും എളുപ്പമുള്ള ജോലിയല്ല ഛപാക്കിന്‍റെ അണിയറപ്രവർത്തകരും ദീപികയും ഒക്കെ ഏറ്റെടുത്തിരിക്കുന്നതെന്നും ഗുൽസാർ സാബ് വ്യക്തമാക്കി. തന്‍റെ മകളുടെ വളർച്ചയിലെ അഭിമാനത്തിൽ അദ്ദേഹം പറഞ്ഞത്, പെൺമക്കൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നുള്ളതിൽ താൻ വിശ്വസിക്കുന്നില്ലെന്നും അതുപോലെ മകൾ അവളുടെ സ്വന്തം കഴിവുകൊണ്ടാണ് ആ സിനിമ പൂർത്തിയാക്കിയതെന്നുമാണ്.