ഹൈദരാബാദ്:ഇനി പരിവർത്തനങ്ങളുടെ കാലമാണ്. അടുത്ത തവണ നിങ്ങൾ തിയേറ്ററിൽ പോകുമ്പോൾ, അവിടെ നിന്നും ലഭിക്കുന്ന അനുഭവവും ഒരുപക്ഷേ ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ രംഗമായി തോന്നിയേക്കാം. ടിക്കറ്റിന് പകരം നിങ്ങളുടെ ഫോണിലെ ക്യുആർ കോഡ് ആയിരിക്കും പുതിയ സ്ഥാനത്തേക്ക് വരിക. വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്ന ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്‌ടറുകൾ ദേഹപരിശോധനക്കായി ഉപയോഗിക്കും. തിയേറ്ററുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഭക്ഷണശാലകളിലാവട്ടെ ഉപഭോക്താക്കൾക്കും വിൽപനക്കാരനുമിടയിൽ സുതാര്യമായ ഒരു ഗ്ലാസ് സ്ഥാപിച്ചിരിക്കും. ഓഡിറ്റോറിയത്തിലും കാണാം, ഇരിപ്പിടങ്ങളിലും മറ്റും സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങൾ. തീർച്ചയായും ഓരോരുത്തരും സ്വന്തമായി സാനിറ്റൈസറും മാസ്‌കും കൊണ്ടു വരേണ്ടതായി വരും. ത്രിമാന ചിത്രത്തിനാണ് വരുന്നതെങ്കിൽ 3ഡി ഗ്ലാസും കരുതിക്കോളൂ.
ജൂൺ 15നും ജൂലൈ 15നും ഇടയിൽ ശുഭാപ്തിവിശ്വാസത്തോടെ പുനരാരംഭിക്കുമെന്ന് കരുതുന്ന പുതിയ പ്രദർശനശാലകളിലേക്ക് സ്വാഗതം. ബോളിവുഡിൽ തിയേറ്ററർ റിലീസിനായി കാത്തിരിക്കുന്നത് ബിഗ് ബജറ്റ് ചിത്രങ്ങളാണ്. രോഹിത് ഷെട്ടിയുടെ 135 കോടി രൂപാ മുതൽമുടക്കിൽ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, രൺവീർ സിംഗ്, കത്രിന കൈഫ് എന്നിങ്ങനെ വലിയ താരനിരയെ അണിനിരത്തി നിർമിച്ച സൂര്യവംശി മുതൽ കബീർ ഖാന്‍റെ സംവിധാനത്തിൽ 125 കോടി രൂപ ചെലവഴിച്ച് ഒരുക്കുന്ന കപിൽ ദേവിന്‍റെ ജീവിതകഥ പറയുന്ന 83യും പിന്നെ 100 കോടി രൂപാ ബജറ്റിലുള്ള സൽമാൻ ഖാന്‍റെ രാധെ: യുവർ മോസ്റ്റ് വാണ്ടഡ് ഭായ് വരെ. അതെ, ഹിന്ദി ചലച്ചിത്രലോകത്തിന് ഇനിയും കാത്തിരിക്കാനാവില്ല. എന്നിട്ടും വളരെ അക്ഷമരായി ചില ചലച്ചിത്ര പ്രവർത്തകർ തങ്ങളുടെ സിനിമകൾ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമുകൾ വഴി റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ്. ഇത് ഇന്ത്യയിലുടനീളമായി 620ലധികം സ്‌ക്രീനുകൾ സ്വന്തമാക്കിയിട്ടുള്ള മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ ഇനോക്‌സ് ലെഷറിൽ നിന്നും എതിർപ്പുകൾക്ക് വഴിയൊരുക്കി. എന്നാൽ, ഒടിടി സംപ്രക്ഷണത്തിനുള്ള തീരുമാനത്തിൽ നിന്ന് ഗുലാബോ സിതാബോ പിന്മാറിയിട്ടില്ല. പക്ഷേ, ഇത് ഇൻഷുറൻസിന്‍റെ അഭാവം, തിയേറ്ററുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവ വർധിക്കുന്നതിന് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും പ്രതികൂലമായി പ്രതികരിച്ചു. രാജ്യത്തെ മൊത്തം 9,000 പ്രദർശനശാലകളിൽ 850എണ്ണവും നിയന്ത്രിക്കുന്ന പിവിആറിന്‍റെ ചെയർമാനും എംഡിയുമായ അജയ് ബിജ്‌ലി ഇതിൽ വ്യക്തമായൊരു നിലപാട് പറഞ്ഞിട്ടില്ല. പകരം സിനിമയുടെ ശക്തിയെ കുറിച്ച് പ്രതിപാദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞുവച്ചത് എന്തെന്നാൽ, പ്രദർശനശാലകളിലെ അനുഭവം പ്രേക്ഷകർക്ക് നൽകുന്നതിനേക്കാൾ ഡിജിറ്റൽ സംപ്രേക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ നിർമാതാക്കളും ആഗ്രഹിക്കില്ല എന്നാണ്. എല്ലാത്തിനുമുപരി, ചലച്ചിത്ര വരുമാനത്തിന്‍റെ 45 ശതമാനം തിയേറ്ററുകളിൽ നിന്നാണ് ലഭിക്കുന്നതെന്നും ബാക്കിയുള്ള ഭാഗം മാത്രമാണ് സംപ്രേക്ഷണത്തിനും ഡിജിറ്റൽ പ്രദർശനങ്ങൾക്കുമായി വിഭജിച്ചുപോകാറുള്ളതെന്നും അജയ് ബിജ്‌ലി ചൂണ്ടിക്കാട്ടുന്നു.
ബോക്സ് ഓഫീസ് വരുമാനമാണ് പ്രാധാന്യമുള്ളതെന്ന് ചലച്ചിത്ര നിർമാതാക്കൾ വിശ്വസിക്കുമ്പോഴും തിയേറ്ററുകളിലെ റിലീസിനായി ചെറിയ സിനിമകൾ നിർമിക്കുന്ന കാലം അവസാനിച്ചുവെന്നും പലരും ചിന്തിക്കുന്നു. കൊവിഡിന് ശേഷം, തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ, ഓൺലൈൻ റിലീസിനായുള്ള ചെറിയ ഇന്ത്യൻ സിനിമകൾ എന്നിങ്ങനെ രണ്ട് വേർതിരിവുകൾ സംഭവിച്ചേക്കാം. ഇതിൽ, മൊഴിമാറ്റം ചെയ്‌തു വരുന്ന 10 ശതമാനം ഹോളിവുഡ് സിനിമകളും സിനിമാശാലകളിലെ ഭാഗത്തിലേക്ക് വന്നുചേരും. അതേസമയം, ചെറിയ സിനിമകളും നീണ്ട സീരീസുകളും സംപ്രേക്ഷണം ചെയ്യുന്ന വിഭാഗങ്ങളിലേക്കും (സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ) കൂട്ടിച്ചേർക്കും.