വനിതാ ദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി തന്‍റെ പ്രിയതമക്കും കുഞ്ഞിനും ആശംസകൾ അറിയിച്ചുകൊണ്ട് എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സ്‌ത്രീകളുടെ യഥാർഥ ശക്തി തനിക്ക് മനസിലായതിനെ കുറിച്ച് ഹൃദയസ്‌പർശിയായ കുറിപ്പാണ് വിരാട് കോലി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഒപ്പം, തന്‍റെ കുഞ്ഞും അവളുടെ അമ്മയെപ്പോലെ ശക്തയും കരുണയുള്ളവളുമാകട്ടെയെന്നാണ് തന്‍റെ ആഗ്രഹമെന്നും ക്രിക്കറ്റ് താരം പറഞ്ഞു.
അമ്മയെപ്പോലെ അവളും ധീരയും ശക്തയും കരുണയുള്ളവളുമാകണമെന്ന് വിരാട് കോലി
ഒരു കുട്ടിയുടെ ജനനം കാണുന്നത് ഒരു മനുഷ്യന് ലഭിക്കുന്ന അവിശ്വസനീയവും അതിശയകരവുമായ അനുഭവമാണെന്നും അതിനാൽ തന്നെ സ്‌ത്രീകളാണ് പുരുഷന്മാരേക്കാള്‍ ശക്തരെന്നും വിരാട് കോലി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
"ഒരു കുട്ടിയുടെ ജനനം കാണുന്നത് ഒരു മനുഷ്യന് ലഭിക്കുന്ന അവിശ്വസനീയവും അതിശയകരവുമായ അനുഭവമാണ്. അതിന് സാക്ഷിയായ ശേഷം, സ്ത്രീകളുടെ യഥാർഥ ശക്തി എന്താണെന്നും അവരുടെ ഉള്ളില്‍ ദൈവം ജീവന്‍ സൃഷ്ടിച്ചതിന്‍റെ കാരണവും നിങ്ങള്‍ക്ക് മനസിലാകും. അവര്‍ നമ്മള്‍ പുരുഷന്മാരേക്കാള്‍ ശക്തരാണ്. എന്‍റെ ജീവിതത്തിലെ ഏറ്റവും ശക്തയും കരുണയുള്ളവളും ധീരയുമായ സ്ത്രീക്കും, അമ്മയെ പോലെ വളരുന്ന ഒരാള്‍ക്കും വനിതാദിനാശംസകള്‍. ലോകത്തിലെ അതിശയകരമായ എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍'' അനുഷ്‌ക ശർമക്കും മകൾ വാമികക്കും തന്‍റെ വനിതാദിനം സമർപ്പിച്ചുകൊണ്ട് വിരാട് കോലി കുറിച്ചു.
ജനുവരി 11നായിരുന്നു ക്രിക്കറ്റ് താരം വിരാട് കോലിക്കും ബോളിവുഡ് നടി അനുഷ്ക ശര്‍മക്കും പെൺകുഞ്ഞ് പിറന്നത്. വാമിക എന്നാണ് വിരുഷ്‌ക ദമ്പതികളുടെ മകളുടെ പേര്.