മുംബൈ:എഴുപതുകളിലെ ഹിന്ദി സിനിമകളിൽ പ്രശസ്‌തനായിരുന്ന ഗാനരചയിതാവ് യോഗേഷ് ഗൗർ (77) വിടവാങ്ങി. കഴിഞ്ഞ ദിവസം അന്തരിച്ച ഗാന രചയിതാവ് യോഗേഷ് ഗൗർ, ഋഷികേശ് മുഖർജി, ബസു ചാറ്റർജി തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ച് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. കഹീം ദൂർ ജബ് ധിൻ ധൽ ജായേ, സിന്ദഗി കൈസി ഹൈ പഹേലി തുടങ്ങി പ്രശസ്‌തമായ ഗാനങ്ങളുടെ വരികൾ അദ്ദേഹത്തിന്‍റെ തൂലികയിൽ പിറന്നതാണ്. രജനീഗന്ധാ ഫൂൽ തുമാരേ, രിം ഝിം ഗിരേ സാവൻ, നാ ജാനേ കോൻ ഹോതാ ഹെയ് യേ സിന്ദഗി കേ സാത് എന്നിങ്ങനെ ഒട്ടനവധി എവർഗ്രീൻ ഹിറ്റ് ഗാനങ്ങൾ രചിച്ചതും യോഗേഷ് ഗൗർ ആണ്. ഗൃഹാതുരത്വവും തീവ്രാഭിലാഷവും അടയാളപ്പെടുത്തിയ വരികളാണ് ഗൗരിന്‍റെ ഗാനങ്ങൾ.
വരികൾക്ക് പിന്നിലെ പ്രതിഭ; യോഗേഷ് ഗൗർ അന്തരിച്ചു
ഋഷികേശ് മുഖർജി, ബസു ചാറ്റർജി തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ച് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച പ്രശസ്‌ത ഗാനരചയിതാവ് യോഗേഷ് ഗൗർ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്
ഹിന്ദി സിനിമാലോകത്തിന് നഷ്‌ടപ്പെട്ട പ്രതിഭയുടെ മരണത്തിൽ ബോളിവുഡ് താരങ്ങൾ അനുശോചനം അറിയിച്ചു. പ്രശസ്‌ത ഗായിക ലതാ മങ്കേഷ്‌കർ അദ്ദേഹത്തിന്‍റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. "യോഗേഷ് ജിയുടെ മരണ വാർത്ത അറിഞ്ഞു. വളരെ ദുഃഖിതയാണ്. ഹൃദയസ്‌പർശിയായ നിരവധി ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയ നിരവധി ഗാനങ്ങൾ ആലപിക്കാൻ എനിക്ക് സാധിച്ചു. വളരെ ശാന്തനായ മനുഷ്യൻ. ആദരാഞ്ജലികൾ," മങ്കേഷ്‌കർ ട്വിറ്ററിൽ കുറിച്ചു. "യാത്രാമൊഴികൾ യോഗേഷ് സർ. നിരവധി രത്‌നങ്ങൾ രചിച്ച (കഹീം ദൂർ ജബ് ധിൻ, സിന്ദഗി കൈസി ഹൈ പഹേലി), ആഴത്തിൽ ലാളിത്യത്തോടെ മധുരമുള്ള വരികൾ കണ്ടെത്താൻ അദ്ദേഹത്തിന് എല്ലായ്‌പ്പോഴും കഴിഞ്ഞു," എഴുത്തുകാരനും ഗാനരചയിതാവുമായ വരുൺ ഗ്രോവർ എഴുതി. ലക്‌നൗവിൽ ജനിച്ചു വളർന്ന യോഗേഷ് ഗൗർ 16-ാം വയസിൽ ഒരു ബന്ധുവിന്‍റെ സഹായത്തോടെ ജോലി തേടി മുംബൈയിലേക്ക് മാറി. പിന്നീട്, ഋഷികേശ് മുഖർജിയുടെ ആനന്ദിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന്, മുപ്പതോളം സിനിമകളിലെ ഗാനങ്ങൾക്ക് യോഗേഷ് ഗൗർ വരികൾ എഴുതി.