ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിച്ച ദി ഫാമിലിമാന്‍ സീസണ്‍ 2 അവതരണ രീതികൊണ്ടും അഭിനേതാക്കളെ കൊണ്ടും കഥകൊണ്ടും വലിയ ചര്‍ച്ച വിഷയമായിരിക്കുകയാണ്. ജൂണ്‍ നാലിന് സ്ട്രീമിങ് ആരംഭിച്ച സീരിസിനെ കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മനോജ് ബാജ്‌പേയ്, പ്രിയാമണി, സാമന്ത അക്കിനേനി തുടങ്ങിയ വലിയൊരു താരനിരയാണ് സീരിസില്‍ അഭിനയിച്ചിരിക്കുന്നത്. സീരിസില്‍ ശ്രീകാന്ത് തിവാരി എന്ന ഇന്‍റലിജന്‍സ് ഓഫീസറുടെ വേഷമാണ് മനോജ് ബാജ്‌പേയി കൈകാര്യം ചെയ്‌തിരിക്കുന്നത്. രാജി എന്ന തമിഴ് സ്ത്രീയുടെ കഥാപാത്രത്തെയാണ് സീരിസിൽ സമാന്ത അവതരിപ്പിക്കുന്നത്. ഇപ്പോള്‍ നായകനായ മനോജ് ബാജ്‌പേയ് സീരിസിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. സീരിസ് ശ്രീകാന്ത് തിവാരിയുടെ പേരിലല്ല രാജിയുടെ പേരില്‍ അറിയാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് പറഞ്ഞത്.
ഇന്ത്യയുടെയും ശ്രീലങ്കയുടെയും പ്രധാനമന്ത്രിമാര്‍ ചെന്നൈയില്‍ തന്ത്രപ്രധാനമായ ഒരു കരാര്‍ ഒപ്പിടാനെത്തുകയാണ്. അവിടെവെച്ച് പ്രധാനമന്ത്രിമാരായ ബസുവിനെയും രൂപതുംഗയെയും ചാവേറാക്രമണത്തില്‍ വകവരുത്താന്‍ ശ്രീലങ്കന്‍ തമിഴ്‌പോരാളികള്‍ പദ്ധതിയിടുന്നു. ഇവര്‍ക്ക് ഐഎസ്ഐ പിന്തുണയുമുണ്ട്. ഉച്ചകോടി മാറ്റിവെക്കാതെ തീവ്രവാദികളെ തകര്‍ക്കുക എന്ന അതീവ അപകടകരമായ ദൗത്യം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ഇന്ത്യന്‍ ഏജന്‍റുമാര്‍. എന്‍ഐഎ ഉദ്യോഗസ്ഥന്‍ ശ്രീകാന്ത് തിവാരിയുടെ വേഷത്തില്‍ ഉജ്ജ്വലമായ പ്രകടനം ഒരിക്കല്‍ കൂടി കാഴ്ചവെക്കുന്ന മനോജ് ബാജ്പേയിക്ക് ഒപ്പം നില്‍ക്കുന്ന പ്രകടനമാണ് ശ്രീലങ്കന്‍ തമിഴ് പോരാളി രാജിയുടെ വേഷത്തില്‍ വരുന്ന സാമന്ത അക്കിനേനിയുടേത്.