നടൻ സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണത്തില്‍ മുംബൈ പൊലീസ് സൂക്ഷ്മമായി അന്വേഷണം നടത്തിവരികയാണ്. യഷ് രാജ് ഫിലിംസ് മേധാവി ആദിത്യ ചോപ്രയെ ശനിയാഴ്ച നാല് മണിക്കൂറോളം ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്. ആദിത്യയുടെ പ്രസ്താവനകൾ ഈ മാസം ആദ്യം ചോദ്യം ചെയ്യപ്പെട്ട ചലച്ചിത്ര നിർമാതാവ് സഞ്ജയ് ലീല ബൻസാലിയുടെ പ്രസ്താവനകൾക്ക് വിരുദ്ധമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സുശാന്ത് സിങിന്‍റെ മരണം, ആദിത്യ ചോപ്രയുടെയും സഞ്ജയ് ലീല ബൻസാലിയുടെയും മൊഴികളില്‍ വൈരുധ്യം? - ആദിത്യ ചോപ്ര
സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിനിമാ രംഗത്തുള്ള 34 പേരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു
ബജ്റാവു മസ്താനിയില്‍ സുശാന്ത് അഭിനയിക്കേണ്ടതായിരുന്നെന്നും വൈആർഎഫുമായുള്ള കരാർ കാരണം തടസങ്ങള്‍ നേരിട്ടതിനാലാണ് സുശാന്ത് അഭിനയിക്കാതിരുന്നതെന്നാണ് ബന്‍സാലി മുബൈ പൊലീസിനോട് ഈ മാസം ആദ്യം പറഞ്ഞത്. എന്നാല്‍ ഈ മൊഴിക്ക് വിരുദ്ധമായ കാര്യങ്ങളാണ് ആദിത്യ ചോപ്ര മുംബൈ പൊലീസിനോട് പറഞ്ഞത്. സുശാന്തിനെ ബജ്റാവു മസ്താനിയില്‍ അഭിനയിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരുവിധ ചര്‍ച്ചയും ബന്‍സാലി യഷ് രാജ് ഫിലിംസുമായി നടത്തിയിട്ടില്ലെന്ന് ആദിത്യ ചോപ്ര പറഞ്ഞു.
ശേഖർ കപൂറുമൊത്ത് സുശാന്ത് സിങ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രമായ പാനിയെക്കുറിച്ചുള്ള ചോദ്യത്തിന് കപൂറുമായുള്ള സൃഷ്ടിപരമായ അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഈ ചിത്രം ഉപേക്ഷിച്ചതെന്ന് ആദിത്യ ചോപ്ര പറഞ്ഞു. ഇതില്‍ സുശാന്തിന് പങ്കില്ലെന്നും ആദിത്യ ചോപ്ര പൊലീസിനോട് പറഞ്ഞു. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിനിമാ രംഗത്തുള്ള 34 പേരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു. സുശാന്തിനെ ചികിത്സിച്ചിരുന്ന മനോരോഗ വിദഗ്ധൻ ഡോ.കേസ്‌രി ചൗഡയുടെ മൊഴിയാണ് ഇതിനുമുമ്പ് രേഖപ്പെടുത്തിയത്.