ന്യൂഡൽഹി:ദാദാ സാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്ര വേദിയില്‍ അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന് അംഗീകാരം. ശനിയാഴ്ച നടന്ന ചടങ്ങിലാണ് സുശാന്തിനെ ക്രിട്ടിക്‌സ് ബെസ്റ്റ് ആക്‌ടറായി പ്രഖ്യാപിച്ചത്. ദാദാ സാഹിബ് ഫാൽക്കെ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം പുരസ്‌കാരാർഹനായെന്ന് അറിയിച്ചത്.
സുശാന്ത് സിംഗിന് ദാദാ സാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്ര വേദിയില്‍ അംഗീകാരം
ദാദാ സാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്ര ഫെസ്റ്റിവലില്‍ "ക്രിട്ടിക്‌സ് ബെസ്റ്റ് ആക്‌ടർ" അവാർഡ് ജേതാവായാണ് സുശാന്ത് സിംഗ് രജ്‌പുത്തിനെ പ്രഖ്യാപിച്ചത്.
2008ലാണ് സുശാന്ത് അഭിനയ രംഗത്തേക്ക് തുടക്കം കുറിക്കുന്നത്. കിസ് ദേശ് മേ ഹെ മേരെ ദിൽ പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച താരം പവിത്ര രിശ്തയിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി. പിന്നീട്, കൈ പോ ചെ, ശുദ്ധ് ദേസി റൊമാൻസ്, പികെ, ഡിറ്റക്‌ടീവ് ബ്യോംകേശ് ബക്ഷി! ചിത്രങ്ങളിലൂടെ ബോളിവുഡിലും സജീവമായി. എം.എസ് ധോണിയുടെ ബയോപിക്ക് എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറിയിലൂടെ ഇന്ത്യയെമ്പാടും പ്രശസ്‌തനായി സുശാന്ത് സിംഗ് വളർന്നു.
എന്നാൽ, ആരാധകരെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ വർഷം ജൂൺ 14നാണ് താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്വജനപക്ഷപാതവും താരകുടുംബാധിപത്യവും ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗവുമുൾപ്പെടെയുള്ള വിവാദങ്ങളിലേക്കും കേസിലേക്കും നടന്‍റെ മരണം വഴിതിരിച്ചു.