കേരളം

kerala

ETV Bharat / sitara

ഇതിഹാസ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍

സിനിമാ സംഗീത ജീവിതം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ വിരലിലെണ്ണാവുന്ന ചുരുക്കം ചില ഗാനങ്ങള്‍ മാത്രമാണ് എസ്.പി.ബി-യേശുദാസ് കൂട്ടുകെട്ടില്‍ പിറന്നത്. വിവിധ ഭാഷകളിലായി പത്തില്‍ താഴെ ഗാനങ്ങള്‍ മാത്രമാണ് എസ്.പി.ബിയും യേശുദാസും ഒന്നിച്ച് ആലപിച്ചിട്ടുള്ളത്.

By

Published : Sep 25, 2020, 1:40 PM IST

s.p balasubramaniam k.j yesudas combination songs  യേശുദാസും എസ്‌പിബിയും  എസ്‌പിബി മരിച്ചു  എസ്.പി.ബി-യേശുദാസ് കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍  s.p balasubramaniam k.j yesudas combination
ഇതിഹാസ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍

എസ്.പി ബാലസുബ്രഹ്മണ്യം, കെ.ജെ യേശുദാസ് സംഗീത ലോകത്തെ പകരക്കാരില്ലാത്ത പ്രതിഭാസങ്ങള്‍... മലയാളിക്ക് രണ്ടുപേരും ഏറെ പ്രിയപ്പെട്ടവര്‍. എസ്.പി.ബിയെ സകലകലാവല്ലഭവനെന്നാണ് മലയാളി വിശേഷിപ്പിക്കാറ്. ദാസേട്ടന്‍ മലയാളിക്ക് ഗാനഗന്ധര്‍വനാണ്. കഴിവിന്‍റെ കാര്യത്തിലും റെക്കോര്‍ഡുകളുടെ കാര്യത്തിലും ഇരുവരും തോളോട് തോള്‍... ആരും ആര്‍ക്കും പിന്നിലല്ല... മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് എട്ടുതവണ നേടി റെക്കോഡിട്ട ചരിത്രമുണ്ട് യേശുദാസിന്. ആറ് അവാര്‍ഡുമായി തൊട്ടുപിന്നില്‍ നില്‍ക്കുന്നു എസ്.പി.ബി. കൂടാതെ വിവിധ സംസ്ഥാന അവാര്‍ഡുകളും പദ്മഭൂഷണ്‍പോലുള്ള ദേശീയബഹുമതികള്‍ വേറെയും ലഭിച്ചിട്ടുണ്ട് ഈ സംഗീത ഇതിഹാസങ്ങള്‍ക്ക്. പതിനാറോളം ഭാഷകളിലായി ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയതിന് ഗിന്നസ് ലോക റെക്കോർഡ് സൃഷ്ടിച്ച ചരിത്രമുണ്ട് എസ്.പി.ബിക്ക്. ആറ് പതിറ്റാണ്ടിനിടെ അരലക്ഷത്തില്‍ അധികം ഗാനങ്ങള്‍ യേശുദാസ് ആലപിച്ചിട്ടുണ്ടാകുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

'ഞങ്ങളുടെ സംഗീതയാത്രകള്‍ ഏറെക്കുറെ സമാന്തരമായിരുന്നു. ഒരിക്കലും അദ്ദേഹവുമായി മത്സരിക്കേണ്ടിവന്നിട്ടില്ല എനിക്ക്. ഞങ്ങള്‍ തമ്മില്‍ താരതമ്യംപോലുമില്ല എന്നതാണ് സത്യം. സംഗീതത്തിന്റെ തിയറിയോ വ്യാകരണമോ അറിയാതെ പാട്ടുകാരനായിപ്പോയ ആളാണ് ഞാന്‍. എന്നാല്‍ അദ്ദേഹം ശാസ്ത്രീയസംഗീതവും സിനിമാസംഗീതവും ഒരുപോലെ കൈകാര്യംചെയ്യുന്ന ഒരു സംഗീത സവ്യസാചിയെ'ന്നാണ് യേശുദാസിനെ കുറിച്ച് എസ്.പി.ബി പറയുന്നത്. എസ്.പി.ബിക്ക് എന്നും ആരാധനയാണ് യേശുദാസിനോട്... അല്ലെങ്കില്‍ സിനിമയില്‍ സുവര്‍ണജൂബിലി തികച്ച വേളയില്‍ മാനസഗുരുവായ യേശുദാസിനെ നേരിട്ട് ചെന്ന് ആദരിക്കാന്‍ അദ്ദേഹം തയ്യാറാകില്ലായിരുന്നു. എസ്.പി.ബി യേശുദാസിന് പാദപൂജയര്‍പ്പിക്കുന്ന ചിത്രം അന്ന് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. സൗമ്യസുന്ദരമായ രണ്ട് സംഗീത നദികള്‍പോലെ അരനൂറ്റാണ്ടിലേറെക്കാലമായി ആസ്വാദക ഹൃദയങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ് യേശുദാസും എസ്.പി.ബി.യും....

യേശുദാസ് പാടി മനോഹരമാക്കിയ അമരത്തിലെ 'അഴകേ നിന്‍ മിഴിനീര്‍മണിയീ' എന്ന ഗാനം ആലപിക്കേണ്ടിയിരുന്നത് എസ്.പി ബാലസുബ്രഹ്മണ്യമായിരുന്നുവെന്ന കഥ ഒരു പക്ഷെ എല്ലാ മലയാളിക്കും അറിയാവുന്നതാണ്. യഥാര്‍ഥത്തില്‍ രവീന്ദ്രന്‍ മാഷ് ആ വരികള്‍ എഴുതിയത് യേശുദാസിനെ മനസില്‍ കണ്ടുകൊണ്ടായിരുന്നു. പിന്നീട് ചില അഭിപ്രായവ്യത്യാസങ്ങള്‍ മൂലം ആ ഗാനം എസ്.പി.ബിയിലേക്ക് എത്തിച്ചേര്‍ന്നു. ഗാനം റെക്കോര്‍ഡ് ചെയ്യാന്‍ എത്തിയപ്പോള്‍, തനിക്ക് വേണ്ടിയുള്ളതല്ല ഈ വരികളെന്നും ഇതിന് ചേര്‍ച്ച യേശുദാസിന്‍റെ ശബ്ദമാണെന്ന് പറഞ്ഞതും എസി.പി.ബി തന്നെയായിരുന്നു. ഇരുവരുടെയും സിനിമാ സംഗീത ജീവിതം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ വിരലിലെണ്ണാവുന്ന ചുരുക്കം ചില ഗാനങ്ങള്‍ മാത്രമാണ് എസ്.പി.ബി-യേശുദാസ് കൂട്ടുകെട്ടില്‍ പിറന്നിട്ടുള്ളത് എന്ന യാഥാര്‍ഥ്യം ഏവരെയും അതിശയിപ്പിക്കും. വിവിധ ഭാഷകളിലായി പത്തില്‍ താഴെ ഗാനങ്ങള്‍ മാത്രമാണ് എസ്.പി.ബിയും യേശുദാസും ഒന്നിച്ച് ആലപിച്ചിട്ടുള്ളത്.

1975ല്‍ റിലീസ് ചെയ്ത തങ്കത്തിലെ വൈരം എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തില്‍ ശങ്കര്‍ ഗണേഷ് സംഗീതം നല്‍കിയ 'എന്‍ കാതലീ' എന്ന ഗാനമാണ് എസ്.പി.ബിയും യേശുദാസും ചേര്‍ന്ന് ആലപിച്ചത്. അന്ന് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായ ശിവകുമാറിന് വേണ്ടി യേശുദാസും കമല്‍ഹാസന് വേണ്ടി എസ്.പി.ബിയും പാടി. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു യുഗ്മഗാനത്തിലൂടെ ആ മധുരശബ്ദങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തി. തമിഴില്‍ പുറത്തിറങ്ങിയ ഗൗരി മനോഹരി എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്. 'അരുവിക്കൂടെ ജതിയില്ലാമല്‍' എന്ന് തുടങ്ങുന്ന ആ ഗാനത്തിന് സംഗീതം നല്‍കിയത് ഇനിയവനായിരുന്നു. എസ്.പി.ബി-യേശുദാസ് കൂട്ടുകെട്ടിലെ മെഗാഹിറ്റ് പിറന്നത് 1991ലായിരുന്നു. രജനീകാന്ത്, മമ്മൂട്ടി, ശോഭന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി മണിരത്നം ചിത്രം ദളപതിയിലെ 'കാട്ടുകുയിലെ' എന്ന ഗാനം ഇരുവരും ചേര്‍ന്നാണ് ആലപിച്ചത്. ഇളയരാജയായിരുന്നു ഗാനത്തിന് സംഗീതം നല്‍കിയത്. ഇന്നും സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ് ഈ പാട്ട്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളുടെ സംഗമവേദിയായിരുന്നു ആ ഗാനം. 1993ല്‍ പുറത്തിറങ്ങിയ ശരത് കുമാര്‍ ചിത്രം ദശരതനില്‍ ആരാരോ ആരിരാരോ എന്ന ഗാനവും എസ്.പി.ബി-യേശുദാസ് കൂട്ടുകെട്ടില്‍ പിറന്നതായിരുന്നു. എല്‍.വൈദ്യനാഥനായിരുന്നു ഗാനത്തിന് സംഗീതം നല്‍കിയത്. കൂടാതെ ശിവാജി ഗണേശന്‍ ചിത്രം ത്രിശൂലത്തിലെ 'ഇരണ്ട് കൈകള്‍', 1979ൽ പുറത്തിറങ്ങിയ പ്രേം നസീർ-ജയൻ ചിത്രം സർപ്പത്തിലെ 'സ്വർണമീനിന്റെ ചേലൊത്തകണ്ണാലെ', നിഷാദ് സംവിധാനം ചെയ്ത് മലയാളത്തില്‍ പുറത്തിറങ്ങിയ ജയപ്രദ-രേവതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ കിണറിലെ 'അയ്യാസാമി', 1998ൽ ഫാസിലിന്റെ ഹരികൃഷ്‌ണസ്‌ തമിഴിൽ ഡബ് ചെയ്തിറക്കിയപ്പോൾ മലയാളത്തില്‍ യേശുദാസ് ഒറ്റക്ക് പാടിയ 'പൊന്നേ പൊന്നമ്പിളിയുടെ' തമിഴ് ഗാനം 'പൊന്നെ പൊന്നിൻമണി' യേശുദാസിനൊപ്പം എസ്.പി.ബി പാടി. ദളപതിയിലെ ' കാട്ടുകുയിലെ' എന്ന ഗാനം പുറത്തിറങ്ങി 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തിയതായിരുന്നു കിണറിലെ 'അയ്യാസാമി' എന്ന ഗാനം. എസ്.പി.ബിയുടെ സംഗീതത്തിലും യേശുദാസ് പാടിയിട്ടുണ്ട്. 1992 പുറത്തിറങ്ങിയ സിഗരം എന്ന ചിത്രത്തിലെ 'അഗരം ഇപ്പോ സിഗരം ആച്ച്' എന്ന ഗാനമായിരുന്നു യേശുദാസ് ആലപിച്ചത്. പാട്ടുകളില്‍ എസ്.പി.ബിയുടെ ഹൃദയത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന പാട്ടുകൂടിയാണിത്.

ABOUT THE AUTHOR

...view details