ഹൈദരാബാദ്: സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുഭായ് കത്തിയാവാഡിക്കെതിരെ എതിർപ്പുമായി കാമാത്തിപുര നിവാസികൾ. രാജ്യത്തെ ഏറ്റവും വലിയ ചുവന്ന തെരുവുകളിലൊന്നായ കാമാത്തിപുരയെ ഗംഗുഭായിയിലൂടെ ആലിയ ഭട്ടാണ് സ്ക്രീനിലെത്തിക്കുന്നത്. സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്യുന്ന ഗംഗുബായ് കത്തിയാവാഡി ടീസർ മികച്ച പ്രതികരണം നേടിയതിന് പിന്നാലെ, സിനിമ വിവാദത്തിലാവുകയാണ്.
കാമാത്തിപുരയെ അപകീർത്തിപ്പെടുത്തുന്നു; ഗംഗുഭായ് കത്തിയാവാഡി വിവാദത്തിൽ - കാമാത്തിപുര നിവാസികൾ പുതിയ വാർത്ത
ചിത്രത്തിൽ തെറ്റായ രീതിയിൽ കാമാത്തിപുരയെ ചിത്രീകരിക്കുന്നതായും 200 വർഷത്തെ യഥാർത്ഥ ചരിത്രത്തെ ഇത് അപകീർത്തിപ്പെടുത്തുന്നതായും കാമാത്തിപുര നിവാസികൾ പറയുന്നു
ചിത്രത്തിൽ തെറ്റായ രീതിയിൽ തങ്ങളുടെ പ്രദേശത്തെ ചിത്രീകരിക്കുന്നതായും 200 വർഷത്തെ യഥാർത്ഥ ചരിത്രത്തെ ഇത് അപകീർത്തിപ്പെടുത്തുന്നതായും കാമാത്തിപുര നിവാസികൾ ആരോപിക്കുന്നു. സിനിമക്കെതിരെ ഗാംഗുഭായിയുടെ മകൻ ബാബുജി റാവ്ജി ഷാ, സഞ്ജയ് ലീല ബൻസാലിക്കും അദ്ദേഹത്തിന്‍റെ നിർമാണകമ്പനിക്കും ആലിയ ഭട്ട്, തിരക്കഥാകൃത്ത് ഹുസൈൻ സൈദി എന്നിവർക്കെതിരെയും പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഒരു വ്യക്തിയുടെ സ്വകാര്യത, ആത്മാഭിമാനം, സ്വാതന്ത്ര്യം എന്നിവക്കെതിരെയുള്ള ലംഘനമാണ് ചിത്രത്തിന്‍റെ കഥ എന്ന് ചൂണ്ടിക്കാട്ടി സിനിമയിൽ നിന്നും പ്രസ്‌തുത രംഗങ്ങൾ നീക്കണമെന്നും ചിത്രീകരണം നിർത്തിവെക്കണമെന്നും ബാബുജി ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്.
കൂടാതെ, ചുവന്ന തെരുവെന്ന പേരിൽ കാമാത്തിപുരക്കുള്ള ദുഷ്‌കീർത്തി മായ്‌ക്കാൻ വർഷങ്ങളായി പരിശ്രമിക്കുകയാണെന്നും അതുകൊണ്ട് തന്നെ, സിനിമ ജീവിച്ചിരിക്കുന്ന തലമുറക്കും ഭാവിതലമുറക്കും ദോഷകരമാണെന്നും പരാതി ഉയരുന്നുണ്ട്. ഗംഗുഭായ് കത്തിയാവാഡിക്കെതിരെ കാമാത്തിപുര നിവാസികൾ പ്രതിഷേധസമരം ചെയ്യാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.