ബോളിവുഡിലെ ഹിറ്റ് സംഗീത സംവിധായക ജോഡിയായ നദീം-ശ്രാവൺ കൂട്ടുകെട്ടിലെ ശ്രാവൺ റാത്തോഡ് അന്തരിച്ചു. 66 വയസായിരുന്നു. അദ്ദേഹത്തിന്‍റെ മകനും സംഗീതം സംവിധായകനുമായ സഞ്ജീവ് റാത്തോഡാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അദ്ദേഹത്തിന്‍റെ ഭാര്യയും മകനും കൊവിഡ് പോസിറ്റീവായിരുന്നു. ബോളിവുഡിലെ വമ്പൻ ഹിറ്റായ 'ആഷിഖി'യുടെ വിജയത്തോടെയാണ് നദീം-ശ്രാവൺ സഖ്യം ഹിന്ദി ചലച്ചിത്രലോകത്ത് നിലയുറപ്പിച്ചത്. ഗായകൻ കുമാർ സാനുവിന്‍റെ തകർപ്പൻ ഹിറ്റുകളിലേറെയും നദീം-ശ്രാവൺ കൂട്ടുകെട്ടിലൂടെയായിരുന്നു. സാജൻ, ഫൂൽ ഔർ കാണ്ടെ, രാജാ ഹിന്ദുസ്ഥാനി, ദിൽ ഹേ കി മാൻതാ നഹീ, ഹം ഹേ രഹി പ്യാർ കേ, സഡക്, ദീവാന, പർദേസ്, കസൂർ, രാസ്, ബർസാത് തുടങ്ങിയ സിനിമകളിലെ എക്കാലത്തേയും ഹിറ്റായ നിരവധി ഗാനങ്ങൾക്കാണ് നദീം-ശ്രാവൺ സംഗീതമൊരുക്കിയത്. തൊണ്ണൂറുകളിൽ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള സംഗീത സംവിധായകരായിരുന്നു ഇവർ.
മകനും സംഗീതം സംവിധായകനുമായ സഞ്ജീവ് റാത്തോഡാണ് മരണവാര്‍ത്ത പുറത്തുവിട്ടത് 1990കളിലെ നദീം-ശ്രാവണ്‍ യുഗം ബോളിവുഡ് സംഗീത പ്രേമികള്‍ക്ക് മറക്കാനാകില്ല. ആഷ്‌കി, ദില്‍ ഹെ കി മാന്‍താ നഹി, സാജന്‍, സഡക്, ഫൂല്‍ ഓര്‍ കാംടേ, ദീവാന, ധട്കന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങളുടെ വിജയത്തിന്‍റെ അടിത്തറ നദീം-ശ്രാവണ്‍ സംഗീതമായിരുന്നു. നദീം-ശ്രാവണിന്‍റെ സംഗീത ശൈലിയുടെ പ്രത്യേകതയാണ് മറ്റാര്‍ക്കും നേടാനാകാത്ത വിജയങ്ങള്‍ കൊയ്യാന്‍ ഈ കൂട്ടുകെട്ടിനെ സഹായിച്ചത്. വിഖ്യാതനായ ആര്‍.ഡി ബര്‍മന്‍ ഉപയോഗിച്ചിരുന്ന ചില ഘടകങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.
ബര്‍മന്‍ ഉപയോഗിച്ചിരുന്ന വിന്‍ഡ് ഇന്‍സ്ട്രുമെന്‍റ്‌സും കിബോര്‍ഡും ജാസ് സംഗീതവും നദീം-ശ്രാവണ്‍ ഡ്യുയോയും ഉപയോഗിച്ചിരുന്നു. അവരുടെ ഗാനരംഗങ്ങളില്‍ വ്യാപകമായിരുന്ന പിയാനോയുടെ ദൃശ്യം തന്നെ ഈ സ്വാധീനത്തിന് തെളിവാണ്. 70കളിലെ ആര്‍.ഡി ബര്‍മാന്‍ സംഗീതം എപ്പോഴും ആത്മാവില്‍ കൊണ്ടുനടന്ന ഒരു വിഭാഗം ശ്രോതാക്കളില്‍ സ്വാധീനം ചെലുത്താന്‍ ഇവരുടെ സംഗീതത്തിന് സാധിക്കുകയും ചെയ്‌തു. കിഷോര്‍ കുമാറിന്‍റെ ശബ്ദത്തിനോട് സാമ്യമുള്ള കുമാര്‍ സാനുവിനെ എല്ലാ പാട്ടിലും ഉള്‍പ്പെടുത്താന്‍ നദീം-ശ്രാവണ്‍ കൂട്ടുകെട്ട് ശ്രമിച്ചു. കുമാര്‍ സാനു, അനുരാധ പൗഡ്വാള്‍, ഉദിത്ത് നാരായണ്‍ എന്നിവരാണ് ഇവരുടെ ഒട്ടുമിക്ക ഗാനങ്ങളും പാടിയിട്ടുള്ളത്. പിന്നീട് ചില ഗായകരെ മാറ്റി മാറ്റി ഉപയോഗിച്ചെങ്കിലും അതില്‍ അഭിജിത്ത് ഭട്ടാചാര്യ മാത്രമാണ് ബോളിവുഡില്‍ സ്ഥാനം പിടിച്ചത്.
ബോളിവുഡിലെ വമ്പൻ ഹിറ്റായ 'ആഷിഖി'യുടെ വിജയത്തോടെയാണ് നദീം-ശ്രാവൺ സഖ്യം ഹിന്ദി ചലച്ചിത്രലോകത്ത് നിലയുറപ്പിച്ചത് നദീം-ശ്രാവണിന് വന്ന ഓഫറുകളുടെ പ്രളയത്തില്‍ ബോളിവുഡിലെ മറ്റുള്ളവര്‍ പിന്നോട്ട് പോകുന്ന സ്ഥിതി വരെയുണ്ടായി. കാസെറ്റ് കമ്പനികളുടെ സുവര്‍ണകാലത്ത് ഗുല്‍ഷന്‍ കുമാറിന്‍റെ ടിസീരിസ് തന്നെയായിരുന്നു ഇവരുടെ മിക്കവാറും ഗാനങ്ങളുടെ കാസെറ്റ് ഇറക്കിയിരുന്നതും സിനിമ നിര്‍മിച്ചിരുന്നതും. പിന്നീട് ഗുല്‍ഷന്‍ കുമാര്‍ വധത്തോടെ അധോലോക ബന്ധത്തിന്‍റെ പേരില്‍ നദീം അറസ്റ്റിലായതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. ഇന്ത്യന്‍ സംഗീതലോകത്ത് നിന്നും നിരവധി പ്രമുഖര്‍ ശ്രാവണിന് ആദരാഞ്ജലികള്‍ നേര്‍ന്നു. 'ശ്രാവൺ ജി... അന്തരിച്ച വാർത്ത കേട്ട് ഞെട്ടി. ഒരു യഥാർഥനായ എളിയ മനുഷ്യനും ഞങ്ങളുടെ സംഗീത ലോകത്തിലെ ഏറ്റവും വലിയ സംഗീതജ്ഞരിൽ ഒരാളുമാണ്. ഈ കൊവിഡ് എന്ന പകർച്ചവ്യാധിയിലൂടെ സംഭവിച്ച മറ്റൊരു വലിയ നഷ്ടം. ദുഃഖിതരായ അദ്ദേഹത്തിന്‍റെ കുടുംബത്തിന് ദൈവം ശക്തി നൽകട്ടെ....' ഗായിക ശ്രേയ ഘോഷാല്‍ ട്വിറ്ററില്‍ കുറിച്ചു. ഗായകനും സംഗീത സംവിധായകനുമായ പ്രീതം, സലീം മര്‍ച്ചന്ത്, അദ്‌നാന്‍ സാമി തുടങ്ങിയവരും അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി.