മുംബൈ: 'മിസ്റ്റർ ഇന്ത്യ'യുടെ ട്രിലോജി നിർമിക്കുന്നതിന് താൻ ആർക്കും അനുവാദം നൽകിയിട്ടില്ലെന്ന് സംവിധായകൻ ശേഖർ കപൂർ. 1987ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ചിത്രത്തിന്‍റെ ട്രിലോജി നിർമിക്കുമെന്ന് അലി അബ്ബാസ് സഫർ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ശേഖർ കപൂറിന്‍റെ ട്വീറ്റ്.
കലാപരമായ അവകാശം ഇല്ലേ? 'മിസ്റ്റർ ഇന്ത്യ' ട്രിലോജിയിൽ പ്രതികരണവുമായി സംവിധായകൻ
ഇന്ത്യൻ സിനിമയിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ ചിത്രങ്ങളിലൊന്നായ മിസ്റ്റർ ഇന്ത്യയിലെ കഥാപാത്രത്തെ ഒരു ട്രിലോജി സീരീസിലൂടെ അവതരിപ്പിക്കുമെന്ന് അലി അബ്ബാസ് സഫർ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ചിത്രത്തിന്‍റെ സംവിധായകൻ ശേഖർ കപൂർ പ്രതികരണവുമായി എത്തിയത്
മിസ്റ്റർ ഇന്ത്യയുടെ സംവിധായകനിൽ നിന്നും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അനിൽ കപൂറിൽ നിന്നും അനുമതി നേടാതെയാണ് സുൽത്താൻ സിനിമയുടെ സംവിധായകൻ അലി അബ്ബാസ് സഫർ ട്രിലോജി നിർമിക്കുന്ന തീരുമാനവുമായി എത്തിയിരിക്കുന്നതെന്ന് നടി സോനം കപൂർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ശേഖർ കപൂറും വിഷയത്തിൽ പ്രതികരിച്ചത്. "ആദ്യം ദിവസം മുതൽ ഞങ്ങൾ തിരക്കഥാകൃത്തുക്കൾക്ക് ഒപ്പം ഇരുന്നു, പക്ഷേ അവർ എഴുത്തുകാരല്ല. അഭിനേതാക്കളെ കൂടുതൽ പ്രചോദിപ്പിച്ചു, എന്നാൽ അവർ അഭിനേതാക്കളല്ല. സിനിമയുടെ ദൃശ്യഭാഷ സൃഷ്ടിക്കുകയും വികസിപ്പിക്കുകയും ചെയ്‌തു. എഡിറ്റിങ്ങിന് വേണ്ടി മണിക്കൂറുകളോളം പ്രവർത്തിച്ചു. ചിത്രത്തിന്‍റെ ഓരോ കോണിലും സംവിധായകർ നേതൃത്വം വഹിക്കുകയും സ്വാധീനിക്കുകയും ചെയ്‌തു. എന്നിട്ടും നിർമാണ അവകാശം ഇല്ലേ?" എന്നാണ് മിസ്റ്റർ ഇന്ത്യയുടെ സംവിധായകൻ ട്വിറ്ററിൽ കുറിച്ചത്. സിനിമയുടെ ട്രിലോജിയെക്കുറിച്ചാണ് പരാമർശമെന്ന് കുറിക്കാൻ അദ്ദേഹം മിസ്റ്റർ ഇന്ത്യ എന്ന ഹാഷ് ടാഗും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.
ഇതിനെതിരെ നിയമപരമായി പോരാടണമെന്ന് ആവശ്യപ്പെട്ട സംവിധായകൻ കുനാല്‍ കൊഹ്‌ലിയുടെ ട്വീറ്റിന് "അതിന് സമയമായി, ഇനി അങ്ങനെ തന്നെ ചെയ്യും" എന്നും ശേഖർ കപൂർ മറുപടി നൽകി. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ ചിത്രങ്ങളിലൊന്നായ മിസ്റ്റർ ഇന്ത്യയിലെ കഥാപാത്രത്തെ ഒരു ട്രിലോജി സീരീസിലൂടെ അവതരിപ്പിക്കുമെന്ന് ഈ മാസം 17നാണ് അലി അബ്ബാസ് സഫർ അറിയിച്ചത്.