മുംബൈ: ബോളിവുഡ് താരസുന്ദരിയും കിംഗ് ഖാനും വീണ്ടും ഒന്നിക്കുന്നു. തമിഴ് സംവിധായകന്‍ അറ്റ്‌ലീയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിലാണ് ദീപികാ പദുക്കോണും ഷാരൂഖ് ഖാനും നാലാമതും ഒരുമിച്ചെത്തുന്നത്. തമിഴകത്തിന്‍റെ സ്വന്തം അറ്റ്‌ലീയുടെ ആദ്യ ഹിന്ദി ചിത്രം 'സാങ്കി' പൂർണമായും വാണിജ്യ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന കോമഡി ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഷാരൂഖ്- ദീപിക കോമ്പോയുമായി ബോളിവുഡിൽ അറ്റ്‌ലീ - സാങ്കി
തമിഴ് സംവിധായകന്‍ അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സാങ്കിയിലൂടെ ദീപികാ പദുക്കോണും ഷാരൂഖ് ഖാനും നാലാമതും ഒന്നിക്കുന്നു.
രണ്ട് വർഷത്തിന് ശേഷം ഷാരൂഖ് ഖാൻ തിരിച്ചെത്തുന്നത് ദീപികക്കൊപ്പമാണെന്ന വാർത്തയിൽ ആരാധകരും വലിയ സന്തോഷത്തിലാണ്. ദീപികാ പദുക്കോണിന്‍റെ ആദ്യ ബോളിവുഡ് ചിത്രം ഓം ശാന്തി ഓമിലും നായകൻ കിംഗ് ഖാനായിരുന്നു. ഏക്താ കപൂറിന്‍റെ ഓം ശാന്തി ഓമിന്‍റെ തിരക്കഥക്ക് മികച്ച അഭിപ്രായം ലഭിച്ചില്ലെങ്കിലും 2014ൽ റിലീസിനെത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ ഹിറ്റൊരുക്കി. ശേഷം ഹാപ്പി ന്യൂ ഇയർ, ചെന്നെ എക്‌സ്പ്രസ് ചിത്രങ്ങളിലും ഇരുവരുമായിരുന്നു ജോഡിയായത്. ബോളിവുഡ് നടി അനുഷ്കക്കൊപ്പം ഷാരൂഖ് ഖാൻ അഭിനയിച്ച സീറോയാണ് താരത്തിന്‍റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. എന്നാൽ, തിയേറ്ററിൽ സീറോ വിജയം കണ്ടെത്തിയിരുന്നില്ല. തുടർന്ന് രണ്ട് വർഷത്തേക്ക് കിംഗ് ഖാന്‍റെ പുതിയ സിനിമകൾ റിലീസിനെത്താത്തത് ആരാധകരിൽ നിരാശയുണ്ടാക്കിയിരുന്നു. ഈ ഇടവേളയിൽ ഏകദേശം മുപ്പതോളം കഥകൾ താരം നിരസിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.