ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ പീഡന ആരോപണവുമായി നടിയും മോഡലുമായ പായല്‍ ഘോഷ് രംഗത്ത്. ബോംബെ വെല്‍വറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു പായല്‍ ഘോഷിന്‍റെ ആരോപണം. കഴിഞ്ഞ ദിവസമായിരുന്നു അനുരാഗ് കശ്യപിനെതിരെ പായല്‍ ഘോഷ് പീഡന ആരോപണവുമായി നടി രംഗത്തെത്തിയത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ ആരോപണം. ട്വിറ്ററിലൂടെയും നടി ആരോപണം ആവര്‍ത്തിച്ചു. അനുരാഗിനെ ആദ്യം കണ്ടതിന് പിറ്റേന്ന് അദ്ദേഹം താമസസ്ഥലത്തേക്ക് വിളിപ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പായല്‍ ഘോഷിന്‍റെ പറയുന്നത്. കൂടിക്കാഴ്ചയുടെ സമയത്ത് അനുരാഗ് ലഹരി ഉപയോഗിച്ചിരുന്നുവെന്നും സ്ത്രീവിമോചനത്തെപ്പറ്റിയും പുരുഷാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്നത് അനുരാഗിന്‍റെ ഇരട്ടത്താപ്പാണെന്നും പായല്‍ ഘോഷ് ആരോപിച്ചു.
അനുരാഗ് കശ്യപിനെതിരെ പീഡന ആരോപണവുമായി നടി പായല്‍ ഘോഷ്, ആരോപണം അടിസ്ഥാനരഹിതമെന്ന് സംവിധായകന്‍
കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുരാഗ് കശ്യപിനെതിരെ പായല്‍ ഘോഷിന്‍റെ പീഡനാരോപണം. ആരോപണങ്ങള്‍ എന്തുതന്നെയായാലും, അവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് അനുരാഗ് കശ്യപ് വിശദീകരിച്ചു.
നടിയുടെ അഭിമുഖവും ട്വീറ്റും വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന്‍ അനുരാഗ് കശ്യപ് തന്നെ രംഗത്തെത്തി. തന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ ആരോപണങ്ങളെന്നും പായല്‍ ഘോഷ് പറയുന്നതെല്ലാം അടിസ്ഥാനരഹിതമാണെന്നുമാണ് അനുരാഗ് ട്വിറ്ററില്‍ കുറിച്ചത്.
'എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന് വളരെയധികം സമയമെടുക്കുന്നു. അത് സാരമില്ല. എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തില്‍, നിങ്ങള്‍ ഒരു സ്ത്രീയായിരുന്നിട്ടും മറ്റ് നിരവധി സ്ത്രീകളെ ഇതിലേക്ക് വലിച്ചിഴച്ചു. എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം. ആരോപണങ്ങള്‍ എന്തുതന്നെയായാലും, അവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. എന്നെ കുറ്റപ്പെടുത്തുന്ന പ്രക്രിയയില്‍ നിങ്ങള്‍ കലാകാരന്മാരെയും ബച്ചന്‍ കുടുംബത്തെയും വലിച്ചിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്‍റെ കുറ്റമാണെങ്കില്‍ ഞാന്‍ സമ്മതിക്കാം. ഞാന്‍ നിരവധി സ്ത്രീകളുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവൃത്തി ഒരിക്കലും ചെയ്യാത്ത ആളാണ് ഞാന്‍. അതുപോലെ അതിനെ അംഗീകരിക്കാനുമാവില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് വഴിയെ കാണാം. താങ്കളുടെ വീഡിയോ കാണുന്ന ഒരാള്‍ക്ക് തന്നെ ഇതില്‍ എത്ര സത്യമുണ്ടെന്നും അതുപോലെ നുണയുണ്ടെന്നും തിരിച്ചറിയാന്‍ കഴിയും. സ്നേഹവും ആശംസകളും നിങ്ങള്‍ക്ക് കൈമാറുന്നു. ഇംഗ്ലീഷിലുള്ള പ്രതികരണത്തിന് ഹിന്ദിയില്‍ മറുപടി നല്‍കിയതിന് ക്ഷമ ചോദിക്കുന്നു.' ഇതായിരുന്നു അനുരാഗ് കശ്യപിന്‍റെ ട്വീറ്റ്. തന്‍റെ രണ്ട് വിവാഹബന്ധങ്ങളെ കുറിച്ചും അനുരാഗ് ട്വീറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ആരോപണത്തില്‍ പ്രതികരിക്കരുത് എന്നാവശ്യപ്പെട്ട് നിരവധി പേര്‍ തന്നെ ഫോണ്‍ വിളിച്ചെന്നും അനുരാഗ് ട്വീറ്റില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടുള്ള പായല്‍ ഘോഷിന്‍റെ ട്വീറ്റിനോട് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പ്രതികരിക്കുകയും വിശദമായ പരാതി സമര്‍പ്പിക്കാന്‍ നടിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.