'അധീര' ഈസ് ബാക്ക് - കെജിഎഫ് ചാപ്റ്റര്‍ 2 സഞ്ജയ് ദത്ത്
അധീരയെന്നാണ് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിലെ സഞ്ജയ് ദത്തിന്‍റെ ഫസ്റ്റ് ലുക്ക് ഈ വര്‍ഷം ജൂലൈയില്‍ പുറത്തിറങ്ങിയിരുന്നു
കന്നട യുവനടന്‍ യഷ് കേന്ദ്രകഥാപാത്രമാകുന്ന ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2വിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കൊവിഡ് കടമ്പകളെല്ലാം കടന്ന് അടുത്തിടെയാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് വീണ്ടും പുനരാരംഭിച്ചത്. ചാപ്റ്റര്‍ 2വിന്‍റെ പ്രധാന ആഘര്‍ഷണം വില്ലന്‍ റോളില്‍ ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്ത് എത്തുന്നുവെന്നതാണ്. എന്നാല്‍ അടുത്തിടെ ശാരീരിക അസുഖങ്ങളെ തുടര്‍ന്ന് ചികിത്സക്കായി കുറച്ചുനാള്‍ സിനിമാ തിരക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് സഞ്ജയ് ദത്ത് അറിയിച്ചിരുന്നു. ഈ വാര്‍ത്ത സിനിമാപ്രേമികളെ ഒന്നടങ്കം നിരാശയിലാഴ്ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം ചികിത്സ പൂര്‍ത്തിയാക്കി കെജിഎഫ് സെറ്റില്‍ തിരിച്ചെത്തിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സഞ്ജയ് ദത്ത് തന്നെയാണ് വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക് തിരിച്ചെത്തിയ സന്തോഷം ആരാധകരെ സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. കിടിലന്‍ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. അധീരയെന്നാണ് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിലെ സഞ്ജയ് ദത്തിന്‍റെ ഫസ്റ്റ് ലുക്ക് ഈ വര്‍ഷം ജൂലൈയില്‍ പുറത്തിറങ്ങിയിരുന്നു. മഹേഷ് ഭട്ടിന്‍റെ സഡക് 2 വിലാണ് സഞ്ജയ് ദത്ത് അവസാനമായി അഭിനയിച്ചത്. കെജിഎഫ് സീരിസ് പ്രശാന്ത് നീലാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ അവസാനഘട്ടചിത്രീകരണത്തിലാണ് അണിയറപ്രവര്‍ത്തകര്‍.