സൽമാൻ ഖാനെ ഗോവയിൽ വിലക്കണമെന്ന് കോൺഗ്രസിന്‍റെ വിദ്യാർഥി സംഘടന - Salman Khan
സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്‍റെ ഫോൺ പിടിച്ചുവാങ്ങിയ ബോളിവുഡ് താരം സൽമാൻ ഖാനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അതേ സമയം, വിഐപി യാത്രക്കാർക്കൊപ്പം സെൽഫി എടുക്കരുതെന്ന നിർദ്ദേശം എയർപോർട്ടിലെ ജീവനക്കാർക്ക് നൽകിയതായി ഗോവ വിമാനത്താവളത്തിലെ മുതിർന്ന ഉദ്ദ്യോഗസ്ഥൻ അറിയിച്ചു.
സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്‍റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത സൽമാൻ ഖാനെതിരെ പ്രതിഷേധം. താരം പരസ്യമായി മാപ്പ് ചോദിച്ചില്ലെങ്കിൽ ഗോവയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസിന്‍റെ വിദ്യാർഥി സംഘടന നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനോട് ആവശ്യപ്പെട്ടു.
"ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കാനും പൊതുവേദിയിൽ നടൻ മാപ്പ് ചോദിക്കാൻ ആവശ്യപ്പെടുകയും വേണമെന്ന് അഭ്യർഥിക്കുന്നു. ഇത് ആരാധകനെ പരസ്യമായി അപമാനിച്ചതാണ്. ഇത്തരത്തിൽ മോശമായ, അക്രമ സ്വഭാവമുള്ള അഭിനേതാക്കളെ ഗോവ സന്ദർശിക്കാൻ ഭാവിയിലും അനുവദിക്കരുത്." എൻഎസ്‌യുഐ പ്രസിഡന്‍റ് അഹ്‌റാസ് മുല്ല ഗോവ മുഖ്യമന്ത്രി സാവന്തിന് അയച്ച കത്തിൽ പറയുന്നു.
കൂടാതെ, ഗോവ ബിജെപി ജനറൽ സെക്രട്ടറിയും മുൻ എംപിയുമായ നരേന്ദ്ര സവായ്ക്കറും സല്‍മാനെതിരെ പ്രതികരിച്ചു. സൽമാൻ ഖാന്‍റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിന് താരം നിരുപാധികം മാപ്പു പറയണമെന്ന് സവായ്ക്കർ പറഞ്ഞു. "താങ്കളൊരു സെലിബ്രിറ്റി ആയതിനാൽ, ആളുകളും ആരാധകരും പൊതു സ്ഥലങ്ങളിൽ സെൽഫി എടുക്കാൻ ശ്രമിക്കും. നിങ്ങളുടെ മനോഭാവവും പെരുമാറ്റവും തികച്ചും ലജ്ജാകരമാണ്. താങ്കൾ നിരുപാധികം, പരസ്യമായി ക്ഷമാപണം നടത്തണം," സവായ്ക്കർ ട്വീറ്റ് ചെയ്‌തു.
'രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായി'യുടെ ചിത്രീകരണത്തിനായി ഗോവയിലെത്തിയ താരം ഗോവ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോഴാണ് ഒരു എയർപോർട്ട് ജീവനക്കാരൻ സെൽഫി എടുക്കാൻ ശ്രമിച്ചത്. അതേ സമയം, വിഐപി യാത്രക്കാർക്കൊപ്പം സെൽഫി എടുക്കരുതെന്ന നിർദ്ദേശം എയർപോർട്ടിലെ ജീവനക്കാർക്ക് നൽകിയതായി ഗോവ വിമാനത്താവളത്തിലെ മുതിർന്ന ഉദ്ദ്യോഗസ്ഥൻ അറിയിച്ചു.