കൊവിഡ് -19 രോഗികളെ പരിചരിക്കുന്നതിനായി അശ്രാന്ത പരിശ്രമം നടത്തുന്ന ധീരരായ ഡോക്‌ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും അഭിനന്ദനവുമായി ബോളിവുഡ് നടി പരിനീതി ചോപ്ര. യുദ്ധക്കളത്തിലെ സൈനികരെ പോലെയാണ് ഇത്രയും ദുസഹമായ സാഹചര്യത്തിൽ മറ്റുള്ളവർക്ക് വേണ്ടി പോരാടുന്ന ആരോഗ്യപ്രവർത്തകരെന്ന് പരിനീതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നമ്മളെല്ലാവരും വീട്ടിനുള്ളിൽ അടക്കപ്പെട്ട്, ഓരോ വാർത്തകൾക്കും വേണ്ടി കാത്തിരിക്കുമ്പോൾ സ്വന്തം കുടുംബത്തിൽ നിന്നും അകന്നു നിന്ന് തന്‍റെ ജീവൻ വരെ പണയപ്പെടുത്തി നമ്മളെ രക്ഷിക്കാൻ നിൽക്കുന്ന ഡോക്‌ടർമാരെയും ആരോഗ്യ പ്രവർത്തകരെയും കുറിച്ച് ചിന്തിക്കാനും അൽപം സമയം വിനിയോഗിക്കണമെന്ന് താരം കുറിപ്പിൽ പറയുന്നു. സൈനികർ രാജ്യം സംരക്ഷിക്കുന്നത് പോലെ ധീരമായി പ്രവർത്തിക്കുന്ന ആരോഗ്യ മേഖലയിലെ ഓരോരുത്തർക്കും അവർ നന്ദി പറഞ്ഞു. ഈ കർമങ്ങളുടെ കടം വീട്ടാനാകുന്നതല്ലെന്നും പരിനീതി കൂട്ടിച്ചേർത്തു.
അവർ സൈനികരെ പോലെ പോരാടുന്നു, നമ്മൾ സഹകരിക്കണം: പരിനീതി ചോപ്ര - covid 19
കൊവിഡ്- 19 പശ്ചാത്തലത്തിൽ ഓരോരുത്തരും മുൻകരുതൽ എടുക്കുന്നത് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിന് കൂടി സഹായിക്കുമെന്നും പരിനീതി ചോപ്ര പറഞ്ഞു.
പരിനീതി ചോപ്ര
തന്‍റെ അടുത്ത പോസ്റ്റിൽ നമ്മൾ ഓരോരുത്തരും ഇത്തരമൊരു സാഹചര്യത്തിൽ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും എപ്പോഴുമുള്ള പോലെ ആഘോഷങ്ങളും പരിപാടികളുമായി തുടർന്നാൽ മറ്റുള്ളവരുടെ ജീവൻ കൂടി അപായപ്പെട്ടേക്കാമെന്നും ബോളിവുഡിന്‍റെ പ്രിയതാരം വിശദമാക്കി. രാജ്യം മുഴുവൻ കൊവിഡ്- 19 ഭീതിയിലായ സാഹചര്യത്തിലാണ് പരിനീതി ആരാധകർക്ക് നിർദേശവുമായെത്തിയിരിക്കുന്നത്.