മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍റെ ജീവിത കഥ പറയുന്ന ചിത്രമാണ് മേജര്‍. ചിത്രത്തിന്‍റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. 2022 ഫെബ്രുവരി 11നാണ് മേജര്‍ റിലീസിനെത്തുന്നത്.
ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്ത്
യുവതാരം അദിവി ശേഷ് ആണ് ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണനും അദിവി ശേഷും തമ്മിലുള്ള സാമ്യത നേരത്തെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.
നടന്‍ മഹേഷ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്‍റര്‍ടെയ്‌ന്‍മെന്‍റ്സും സോണി പിക്‌ച്ചേഴ്‌സ് ഇന്‍റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം ശശി കിരണ്‍ ടിക്കയാണ്. മലയാളം, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
ശോഭിത ധൂലിപാല, പ്രകാശ് രാജ്, രേവതി, സായ് മഞ്ജേരക്കര്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. 26/11 മുംബൈ ആക്രമണത്തില്‍ ബന്ദിയാക്കപ്പെട്ട ഒരു എന്‍.ആര്‍.ഐയുടെ വേഷത്തില്‍ സായി മഞ്ജരേക്കറും ആക്രമണം നേരിട്ട ഒരു കഥാപാത്രമായി ശോഭിതയും വേഷമിടും.
'മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍ താരമായതും അദ്ദേഹത്തിന്‍റെ അവസാന നിമിഷങ്ങളും മാത്രമെ ഈ ലോകത്തിന് അറിയൂ... പക്ഷേ അദ്ദേഹത്തിന്‍റെ ജീവിതം ഞാന്‍ ഇഷ്‌ടപ്പെടുന്നു.. 26/11 മാത്രമല്ല അദ്ദേഹത്തെ ഓര്‍മ്മിക്കാനുള്ള അദ്ധ്യായം.
എന്നാല്‍ ഇത് പ്രധാനമായൊരു അദ്ധ്യായം തന്നെയാണ്. അദ്ദേഹം കാര്‍ഗില്‍ യുദ്ധത്തിന്‍റെയും ഭാഗമായിരുന്നു. ഹൈദരാബാദിന് വേണ്ടിയും അദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ ട്രെയിനിംഗ് ഓഫീസറായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ മനോഹര ജീവിതത്തോട് എനിക്ക് താത്പര്യമുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഈ ചിത്രം ചെയ്യുന്നത്.' -അദിവി ശേഷ് പറഞ്ഞു.
2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്‍മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയാണ് ഭീകരരുടെ വെടിയേറ്റ് സന്ദീപ് മരിക്കുന്നത്. സന്ദീപിന്‍റെ ധീരതയ്‌ക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നല്‍കി ആദരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ചെറുണ്ണൂർ സ്വദേശിയായിരുന്നു സന്ദീപ് ഉണ്ണികൃഷ്‌ണന്‍.
Also Read:'ഒന്നുകില്‍ റിസ്‌ക് എടുക്കൂ, അല്ലെങ്കില്‍ അവസരം നഷ്‌ടപ്പെടുത്തൂ' ; മഞ്‌ജുവിന്‍റെ സര്‍ദാര്‍ ലുക്ക് വൈറല്‍