മുംബൈ: അക്ഷയ് കുമാർ നായകനാകുന്ന ബോളിവുഡ് ചിത്രം സൂര്യവൻശിയുടെ നിർമാണത്തിൽ നിന്ന് കരൺ ജോഹറെ ഒഴിവാക്കിയെന്ന വാർത്തയിൽ പ്രതികരണവുമായി ചിത്രത്തിന്‍റെ നിർമാണ കമ്പനി. രോഹിത് ഷെട്ടിയുടെ സംവിധാനത്തിൽ ഒരുക്കുന്ന ചിത്രത്തിന്‍റെ സഹനിർമാതാവിൽ നിന്നും കരൺ ജോഹറെ മാറ്റിയിട്ടില്ലെന്ന് റിലയെൻസ് എന്‍റർടെയ്‌ൻമെന്‍റ് വ്യക്തമാക്കി.
'സൂര്യവൻശി'യിൽ നിന്നും കരൺ ജോഹറെ ഒഴിവാക്കിയിട്ടില്ലെന്ന് നിർമാണ കമ്പനി - rohit shetty
കരണിന്‍റെ ധർമാ പ്രൊഡക്ഷൻസിനെ സൂര്യവൻശിയിൽ നിന്നും ഒഴിവാക്കിയെന്നത് വ്യാജവാർത്തയാണെന്ന് റിലയെൻസ് എന്‍റർടെയ്‌ൻമെന്‍റ് അറിയിച്ചു
ആക്ഷൻ മാസ് ചിത്രത്തിന്‍റെ സംവിധായകനും അക്ഷയ് കുമാറും കരണിന്‍റെ ധർമാ പ്രൊഡക്ഷൻസിനെ ഒഴിവാക്കിയതായും സൂര്യവൻശിയിൽ പ്രൊഡക്ഷൻ കമ്പനി നൽകിയ വിഹിതം തിരിച്ചുകൊടുത്തതായുമാണ് നവമാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്നത്. എന്നാൽ, കരൺ ജോഹറിനെ ഒഴിവാക്കിയെന്ന വാർത്ത വ്യാജമാണെന്ന് റിലയെൻസ് എന്‍റർടെയ്‌ൻമെന്‍റ് സ്ഥിരീകരിച്ചു. രൺവീർ സിംഗ്, കത്രീന കൈഫ്, അജയ് ദേവ്‌ഗൺ, രോഹിത് ഷെട്ടി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സൂര്യവൻശി ദീപാവലിക്ക് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിന് ശേഷം, ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ കങ്കണാ റണാവത്ത്, വിവേക് ഒബ്‌റോയ്, ശേഖർ കപൂർ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. പ്രമുഖ ഹിന്ദി സിനിമാ സംവിധായകനും നിർമാതാവുമായ കരൺ ജോഹറും നടി ആലിയ ഭട്ടും ടെലിവിഷൻ ചാറ്റ് പരിപാടിക്കിടെ സുശാന്തിനെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയതിനെതിരെ നിരവധി വിമർശനങ്ങളും നേരിട്ടു. സുശാന്തിന്‍റെ മരണത്തെ അപലപിച്ച് ഇരുവരുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉൾപ്പടെ ആളുകൾ അൻഫോളോ ചെയ്‌തിരുന്നു.