ബോളിവുഡിലെ സ്വജനപക്ഷപാതത്തിന് എതിരെ കങ്കണ റണാവത്ത്, വിവേക് ഒബ്രോയ്, സംവിധായകൻ ശേഖർ കപൂർ ഉൾപ്പടെയുള്ള സിനിമാ പ്രമുഖർ. സുശാന്തിന്‍റെ മരണം ആത്മഹത്യയല്ലെന്നും അത് ബോളിവുഡ് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്നും കങ്കണ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഗോഡ്‌ഫാദർ ഇല്ലാതെ ഹിന്ദി ചലച്ചിത്രമേഖലയിലേക്ക് വന്ന നടൻ സുശാന്തിനെ മാനസിക ദുർബലനാക്കി ചിത്രീകരിക്കാനാണ് ബോളിവുഡിലെ പ്രമുഖരും മാധ്യമങ്ങളും ശ്രമിക്കുന്നതെന്നും കങ്കണ നിശിതമായി വിമർശിച്ചു.
"സുശാന്തിന്‍റെ മരണത്തിൽ എല്ലാവരും അനുശോചനം അറിയിക്കുകയാണ്. അദ്ദേഹം വിഷാദരോഗത്തിന് കീഴ്‌പ്പെട്ടിരുന്നുവെന്നാണ് പറയുന്നത്. സ്റ്റാൻഫോഡ് സർവകലാശാലയിൽ നിന്നും സ്‌കോളർഷിപ്പ് ലഭിച്ച, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ റാങ്ക് നേടിയ ആളാണ്. അദ്ദേഹം എങ്ങനെയാണ് ദുർബല മനസുള്ള വ്യക്തി ആവുന്നത്? തന്‍റെ സിനിമകൾ കാണണമെന്ന് യാചിക്കുന്നതാണ് സുശാന്തിന്‍റെ അവസാന പോസ്റ്റുകൾ. കേദർനാഥ്, എം.എസ് ധോണി പോലുള്ള മികച്ച ചിത്രങ്ങളെ അംഗീകരിക്കാൻ ആരും ഇല്ല." അതേസമയം ഗല്ലി ബോയ് പോലെയുള്ള മോശം ചിത്രത്തിനാണ് അവാർഡുകളും പ്രശംസയും എന്നും കങ്കണ രൂക്ഷമായി വിമർശിക്കുന്നു.
"സുശാന്തിനെ മാനസിക രോഗിയായും വികാരത്തിന് അടിമയായും ചിത്രീകരിക്കുമ്പോൾ, സഞ്ജയ് ദത്തിന്‍റെ മയക്കുമരുന്ന് ഉപയോഗത്തെ ക്യൂട്ട് ആയാണ് ആളുകൾ കണക്കാക്കുന്നത്. സുശാന്ത് അഭിനയിച്ച സിനിമകളുടെ പ്രതിഫലം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. മാധ്യമങ്ങൾ അദ്ദേഹത്തിന്‍റെ മനസ് ദുർബലമാണെന്ന് പറഞ്ഞ് ചിത്രീകരിക്കുകയാണ്. മനസിന് ശക്തിയില്ലാത്തതിനാൽ ഇവർ വിഷാദരോഗത്തിന് അടിമപ്പെടുന്നുവെന്നും അവർ ആത്മഹത്യ ചെയ്യുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു." ഇത് സുശാന്തിന്‍റെ തെറ്റല്ലെന്നും ആസൂത്രിതമായി ബോളിവുഡ് പ്രമുഖർ അയാളെ ഇല്ലാതാക്കുകയായിരുന്നു എന്നും കങ്കണാ റണാവത്ത് രണ്ട് മിനിറ്റോളം ദൈർഘ്യമുണ്ടായിരുന്ന വീഡിയോയിൽ പറയുന്നു. താരത്തിന്‍റെ വെളിപ്പെടുത്തലിന് പിന്തുണയുമായി ട്വിറ്ററുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും നിരവധി പേർ എത്തിയിട്ടുണ്ട്. നടൻ വിവേക് ഒബ്രോയിയും ബോളിവുഡിലെ ഒരു വിഭാഗം ആളുകളുടെ മേൽക്കോയ്‌മക്കെതിരെ ട്വിറ്ററിൽ തുറന്നെഴുതി.
താനും ഇത്തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് വിവേക് വിവരിച്ചു. കാലകാരന്മാരുടെ കഴിവിനെ ചതച്ചരക്കുന്ന ബോളിവുഡ് മാറണമെന്നും സുശാന്തിന്‍റെ മരണം അതിനൊരു പാതയൊരുക്കട്ടെ എന്നും വിവേക് ഒബ്രോയ് വ്യക്തമാക്കി. "സുശാന്തിന്‍റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തപ്പോൾ ഹൃദയം തകർന്നു. എനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ സുശാന്തുമായി പങ്കുവയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അങ്ങനെ അയാളുടെ വേദന കുറയ്ക്കുവാന്‍ സാധിച്ചെങ്കിലോ. ഇരുണ്ടതും ഏകാന്തവുമായ, വേദനകള്‍ക്കൊപ്പമുള്ള യാത്രയായിരുന്നു എന്‍റേതും. പക്ഷേ, മരണം അതിന് ഒരു ഉത്തരമാകുന്നില്ല, ആത്മഹത്യ പരിഹാരവുമല്ല. ഒരു നിമിഷമെങ്കിലും സുശാന്ത് സ്വന്തം കുടുംബത്തെക്കുറിച്ചോ സുഹൃത്തുക്കളെക്കുറിച്ചോ അവന്‍റെ നഷ്‌ടത്തിൽ വേദനിക്കുന്ന ലക്ഷക്കണക്കിനുള്ള ആരാധകരെക്കുറിച്ചോ ചിന്തിച്ചിരുന്നെങ്കിൽ എന്ന് തോന്നുകയാണ്. ആളുകള്‍ എത്രത്തോളം അയാളെ 'കരുതി'യിരുന്നെന്ന് അവൻ മനസിലാക്കിയിരുന്നു എങ്കിൽ. ഇന്ന് സുശാന്തിന്‍റെ അച്ഛൻ അവന്‍റെ ചിതയ്‌ക്ക് തീ കൊളുത്തുമ്പോൾ അദ്ദേഹത്തിന്‍റെ കണ്ണുകളിൽ കണ്ട ദുഃഖം അസഹനീയമായിരുന്നു. അവന്‍റെ സഹോദരി തിരികെ വരൂ എന്നു പറഞ്ഞ് കരയുന്നത് കണ്ടുനില്‍ക്കേണ്ടി വന്നത്, സഹിക്കാൻ കഴിയുന്നില്ല. ഒറ്റ കുടുംബം എന്നു സ്വയം വിശേഷിപ്പിക്കുന്ന നമ്മുടെ സിനിമാ മേഖല ഗൗരവമായി തന്നെ പുനർചിന്ത നടത്തണം. നല്ലതിനായി നാം മാറേണ്ടതുണ്ട്. പരദൂഷണം കുറച്ച് പരസ്പരമുള്ള കരുതല്‍ വളർത്തണം. ശക്തിപ്രകടനങ്ങള്‍ക്ക് പകരം തുറന്ന മനസും അനുകമ്പയും ഉണ്ടാകണം. അഹങ്കാരവും അഹംബോധവും ഒഴിവാക്കി കഴിവുള്ളവരെ അംഗീകരിക്കണം. അങ്ങനെ ശരിക്കും ഒരു കുടുംബമായി മാറേണ്ടതുണ്ട്. കഴിവുകളെ ചതച്ചരക്കാതെ അതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഇടം. കലാകാരന്മാരെ ചൂഷണം ചെയ്യാതെ അംഗീകരിക്കുന്ന ഇടം. ഇത് തിരിച്ചറിവിനുള്ള സമയമാണ്." എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന സുശാന്തിനെ മിസ് ചെയ്യുമെന്നും ഒരുപക്ഷേ, നമ്മൾ അദ്ദേഹത്തെ അർഹിക്കുന്നില്ല എന്നും വിവേക് ഒബ്രോയ് വികാരാതീതമായ ട്വീറ്റിലൂടെ വെളിപ്പെടുത്തി.
സംവിധായകൻ ശേഖർ കപൂർ സുശാന്തിന്‍റെ വേദന വ്യക്തമായി അറിയാമെന്ന ട്വീറ്റ് പങ്കുവെച്ചിരുന്നു. ഞാൻ കഴിഞ്ഞ ആറു മാസമായി സുശാന്തിനോടൊപ്പം ഉണ്ടാകേണ്ടിയിരുന്നു എന്ന് പറഞ്ഞ സംവിധായകനും നടനുമായ ശേഖർ കപൂർ, ഇത് നിന്‍റെയല്ല പകരം മറ്റു ചിലരുടെ കർമത്തിന്‍റെ ഫലമാണെന്നും ട്വിറ്ററിൽ എഴുതി. കൂടാതെ, കലാകാരന്മാരുടെ സമർപ്പണവും ദുർബലതയും വിനയവും മുതലെടുക്കുന്ന നിർമാതാക്കൾ ഉണ്ടെന്നത് ഒരു ജീവിത പാഠമായി താൻ മനസിലാക്കുന്നു എന്നാണ് ശേഖർ കപൂർ ഇന്ന് പങ്കുവെച്ചിരിക്കുന്ന ട്വീറ്റിലൂടെ പറയുന്നത്.
നേരത്തെയും ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച് പറഞ്ഞിട്ടുള്ള കങ്കണയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലിലൂടെ ബോളിവുഡിലെ കരൺ ജോഹർ ഉൾപ്പെടുന്ന പ്രമുഖർക്ക് നേരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, സുശാന്തിന്‍റെ മരണം ഒരു അവസരമായി എടുത്ത് പലരും ആളാകുവാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞു കൊണ്ട് സോനം കപൂറും മറ്റും രംഗത്തെത്തി.