നടി കങ്കണ റണൗട്ട് കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ സിനിമ എമര്‍ജന്‍സിയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായാണ് ചിത്രത്തില്‍ കങ്കണ അഭിനയിക്കാന്‍ പോകുന്നത്. ഇന്ദിരാഗാന്ധിയായി വേഷമിടാനുള്ള തയ്യാറെടുപ്പുകള്‍ കങ്കണയും ടീമും ആരംഭിച്ച് കഴിഞ്ഞു.
ഇതിനായി ബോഡി സ്‌കാനിങും മറ്റും നടത്തുന്നതിന്‍റെ ചിത്രങ്ങള്‍ കങ്കണ സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചു. പൊളിറ്റിക്കല്‍ ഡ്രാമയായ എമര്‍ജന്‍സി ഒരിക്കലും ഒരു ബയോപിക്കായിരിക്കില്ലെന്നും ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തെ ചില സംഭവങ്ങളായിരിക്കും സിനിമയുടെ പ്രേമയമെന്നും നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
എമര്‍ജന്‍സി
അടിയന്തിരാവസ്ഥ, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തുടങ്ങിയ ഇന്ത്യൻ ചരിത്രത്തിലെ നിർണായക സംഭവങ്ങളെല്ലാം ചിത്രത്തിൽ ഉൾപ്പെടും. സായ് കബീറാണ് ചിത്രത്തിന്‍റെ സംവിധായകൻ. നിരവധി അഭിനേതാക്കൾ ചിത്രത്തിന്‍റെ ഭാഗമാകും. ഒരു പുസ്‌തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ ഒരുങ്ങുന്നതെന്നും കങ്കണ നേരത്തെ ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ച് കൊണ്ട് അറിയിച്ചിരുന്നു.
ഇന്ദിര ഗാന്ധിക്ക് പുറമെ സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, മൊറാജി ദേശായി, ലാൽ ബഹദൂർ ശാസ്ത്രി എന്നിവരായി നിരവധി പ്രമുഖതാരങ്ങള്‍ അഭിനയിക്കും. എന്നാല്‍ അഭിനേതാക്കളുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. കങ്കണയാണ് ഈ സിനിമ നിര്‍മിക്കുന്നത്.
Also read:ഇന്ദിരാ ഗാന്ധിയായി കങ്കണയെത്തുന്നു, സംവിധാനം സായ് കബീര്‍
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം പറഞ്ഞ തലൈവി എന്ന സിനിമയില്‍ കങ്കണയാണ് ടൈറ്റില്‍ റോളിലെത്തിയിരിക്കുന്നത്. എ.എല്‍ വിജയ് സംവിധാനം ചെയ്‌ത സിനിമ ഉടന്‍ തിയേറ്ററുകളിലെത്തും.