'താനൊരു പോരാളിയാണെന്നും തല വെട്ടിയാലും തല കുനിക്കില്ലെന്നും' ഉള്ള നടി കങ്കണ റണൗട്ടിന്‍റെ രാജ്യസ്നേഹ പ്രസ്താവനയെ ട്വീറ്റിലൂടെ സംവിധായകനും നടനുമായ അനുരാഗ് കശ്യപ് പരിഹസിച്ചിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ കങ്കണ റണൗട്ട്. 'ഞാനൊരു പോരാളിയാണ്. എന്‍റെ തല വെട്ടാന്‍ കഴിയും, പക്ഷേ ഞാന്‍ തല കുനിക്കില്ല. രാജ്യത്തിന് വേണ്ടി ഞാന്‍ എപ്പോഴും ശബ്ദം ഉയര്‍ത്തും. ഒരു ദേശീയ വാദിയെന്ന നിലയില്‍ ആത്മാഭിമാനത്തോടെ ജീവിക്കും. ഞാനൊരിക്കലും മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. എനിക്കത് ചെയ്യാനാകില്ല' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ഈ ട്വീറ്റിന് പിന്നാലെ പരിഹസിച്ചുകൊണ്ട് അനുരാഗ് കശ്യപിന്‍റെ ട്വീറ്റുമെത്തി.
‘രാജ്യസ്നേഹ’പ്രസ്താവനയെ ട്രോളിയ അനുരാഗ് കശ്യപിന് മറുപടി നല്‍കി കങ്കണ റണൗട്ട്
'ഞാനൊരു പോരാളിയാണ്. എന്‍റെ തല വെട്ടാന്‍ കഴിയും, പക്ഷേ ഞാന്‍ തല കുനിക്കില്ല' എന്ന കങ്കണയുടെ ട്വീറ്റിനെതിരെയാണ് പരിഹാസ ട്വീറ്റുമായി അനുരാഗ് കശ്യപ് എത്തിയത്
'നിങ്ങള്‍ രാജ്യത്തിന്‍റെ ഒരേയൊരു മണികര്‍ണികയല്ലേ... ഒരു നാലുപേരേ കൂട്ടി ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്ക് പോകൂ. എന്നിട്ട് ചൈനയെ പരാജയപ്പെടുത്തി വരൂ... അവരറിയട്ടെ നിങ്ങളുടെ ശക്തി. അവര്‍ മനസിലാക്കട്ടെ നിങ്ങള്‍ ഉള്ളിടത്തോളം കാലം ഇന്ത്യയെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന്. എല്‍എസിയിലേക്ക് നിങ്ങളുടെ വീട്ടില്‍ നിന്ന് ഒരു ദിവസത്തെ യാത്രയല്ലേ ഉള്ളൂ. വേഗം പോയി വരൂ...ജയ് ഹിന്ദ്' ഇതായിരുന്നു അനുരാഗിന്‍റെ ട്വീറ്റ്. ട്രോളിയ ട്വീറ്റ് കണ്ടതോടെ പഴയ സുഹൃത്ത് കൂടിയായിരുന്ന അനുരാഗിന് മറുപടി നല്‍കി നല്‍കികൊണ്ട് വീണ്ടും കങ്കണയുടെ ട്വീറ്റ് എത്തി.
'ശരി ഞാൻ അതിർത്തിയിലേക്ക് പോകുന്നു... നിങ്ങൾ അടുത്ത ഒളിമ്പിക്സിലേക്ക് പോകണം. രാജ്യം സ്വർണ മെഡലുകൾ ആഗ്രഹിക്കുന്നു. കലാകാരൻ എന്തുമാകുന്ന ബി ഗ്രേഡ് ചിത്രമല്ല ഇത്. നിങ്ങള്‍ എങ്ങനെ ഇങ്ങനെ വിഡ്ഢിയായി. നാം സുഹൃത്തുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ വളരെ ബുദ്ധിമാനായിരുന്നു' കങ്കണ കുറിച്ചു. മുമ്പ് സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിന് ശേഷം ബോളിവുഡിനെതിരെ കങ്കണ നടത്തിയ പരാമര്‍ശങ്ങളില്‍ വിയോജിപ്പുമായി അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു.