പാകിസ്‌താനിലെ നങ്കന സാഹിബ് ഗുരുദ്വാര വളഞ്ഞ ജനക്കൂട്ടം ഗുരുദ്വാരക്ക് നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ പൊട്ടിത്തെറിച്ച് ഗാനരചയിതാവ് ജാവേദ് അക്തറും നടി സ്വര ഭാസ്‌കറും. നങ്കന സാഹിബിലെ പ്രവൃത്തി തീര്‍ത്തും നിന്ദ്യവും അങ്ങേയറ്റം ശിക്ഷാര്‍ഹവുമാണെന്ന് ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു. സമൂഹത്തിലെ ദുര്‍ബലരായ ഒരു വിഭാഗത്തോട് എങ്ങനെ ഇത്രയും തരംതാഴ്ന്ന പ്രവൃത്തി ചെയ്യാന്‍ കഴിഞ്ഞുവെന്നും ജാവേദ് അക്തര്‍ ചോദിച്ചു.
ഗുരുദ്വാര ആക്രമണം; അപലപനീയമെന്ന് ജാവേദ് അക്തര്‍, നാണക്കേടെന്നാണ് സ്വര ഭാസ്കര്‍ - ജാവേദ് അക്തര്‍ ട്വീറ്റ്
നങ്കന സാഹിബ് ഗുരുദ്വാരക്ക് നേരെ നടന്ന ആക്രമണം തീര്‍ത്തും നിന്ദ്യവും അങ്ങേയറ്റം ശിക്ഷാര്‍ഹവുമാണെന്ന് ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു
സംഭവത്തെ നാണക്കേടെന്നാണ് നടി സ്വര ഭാസ്‌കര്‍ വിമര്‍ശിച്ചത്. ഇതൊരിക്കലും ന്യായീകരിക്കാനാകാത്ത തെറ്റാണെന്നും നടി അഭിപ്രായപ്പെട്ടു. അക്രമം നടത്തിയവര്‍ ഉടന്‍ പിടിക്കപ്പെടുമെന്ന പ്രതീക്ഷയിലാണെന്നും സ്വര കൂട്ടിച്ചേര്‍ത്തു.
ഗുരു നാനാക്കിന്‍റെ ജന്മസ്ഥലമാണ് നങ്കന സാഹിബ്. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാകിസ്‌താനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് പേരാണ് വെള്ളിയാഴ്ച വൈകിട്ട് ഗുരുദ്വാര വളയുകയും കല്ലേറ് നടത്തുകയും ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുദ്വാരയുടെ ചുമതലയുള്ള വ്യക്തിയുടെ മകളെ ഒരു ആണ്‍കുട്ടി തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തിയെന്നതിന്‍റെ പേരില്‍ തുടങ്ങിയ പ്രശ്നങ്ങളെ തുടര്‍ന്നാണ് പ്രദേശവാസികള്‍ ഗുരുദ്വാര വളഞ്ഞതെന്നാണ് സൂചന.