മുംബൈ: ഹൃത്വിക് റോഷന്‍റെ ജന്മദിനത്തിൽ അമ്മ പിങ്കി റോഷൻ പങ്കുവെച്ച വികാരാതീതമായ പോസ്റ്റ് വൈറലാകുന്നു. ഒരു അമ്മക്ക് മകനിലുണ്ടായ അഭിമാനത്തിന്‍റെ നിമിഷങ്ങൾ മാത്രമല്ലായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. മസ്‌തിഷ്‌ക ശസ്‌ത്രക്രിയക്കിടയിൽ താരത്തിന്‍റെ ആശുപത്രിയിൽ വച്ചുള്ള ചിത്രങ്ങളും പ്രശ്‌നങ്ങളെ ഹൃത്വിക് പുഞ്ചിരിയോടെയും ധൈര്യത്തോടെയും അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും അമ്മ എഴുതിയ കുറിപ്പിൽ വ്യക്തമായി വിവരിക്കുന്നുണ്ട്.
മകന്‍റെ ശസ്‌ത്രക്രിയയുടെ ചിത്രങ്ങൾ പങ്കുവെച്ച് ഹൃത്വിക് റോഷന്‍റെ അമ്മ - Hrithik Roshan mother instagram post
ഹൃത്വിക് റോഷന്‍റെ ജന്മദിനത്തിൽ അമ്മ പിങ്കി റോഷൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ മസ്‌തിഷ്‌ക ശസ്‌ത്രക്രിയക്കിടയിലുള്ള താരത്തിന്‍റെ ചിത്രങ്ങളും വികാരാതീതമായ ഒരു കുറിപ്പും പങ്കുവെച്ചു.
"മുമ്പൊരിക്കലും ആരും കണ്ടിട്ടില്ലാത്ത ചിത്രങ്ങൾ ഭാരമുള്ള ഹൃദയ ഭാരത്തോടെ ഞാൻ ഇന്ന് പങ്കു വക്കുകയാണ്. എന്നാൽ, എന്‍റെ ഹൃദയത്തിലുള്ളത് സങ്കടവും ഉത്കണ്‌ഠയുമല്ല. അതിരില്ലാതൊഴുകുന്ന സ്നേഹമാണ്. എന്‍റെ ഓരോ രക്ത കോശങ്ങളും ദുഗ്ഗുവിന്‍റെ അമ്മയായതിലുള്ള നന്ദിയിൽ നിറയുകയാണ്. നമ്മുടെ പെരുമാറ്റം അവർക്ക് മാതൃകയാകുന്നു. നമ്മുടെ സ്വഭാവം കുട്ടികളും പകർത്തുന്നു. എന്നാൽ അതിനേക്കാൾ അവരുടെ അനുകമ്പയും ശക്തിയും ധൈര്യവും വളരുമ്പോൾ എന്തുസംഭവിക്കും?" ഹൃത്വിക് റോഷന്‍റെ ശസ്‌ത്രക്രിയക്ക് മുമ്പ് താൻ തല കറങ്ങി വീണതായും പ്രാർത്ഥനക്കും ശക്തമായ ഹൃദയമിടിപ്പിനും ഉയർന്ന രക്തസമ്മർദ്ദത്തിനും ഇടയിലുള്ള ആ മുഹൂർത്തം മറക്കാനാവാത്ത അനുഭവമായിരുന്നെന്നും താരത്തിന്‍റെ അമ്മ കൂട്ടിച്ചേർത്തു.
ജനിച്ചു വീണപ്പോൾ കണ്ട കുഞ്ഞ് ദുഗ്ഗുവിനെപ്പോലെയാണ് ഡോക്‌ടർമാരുടെ ഇടയിൽ കിടക്കുന്ന മകനെ വീണ്ടും കണ്ടപ്പോൾ തോന്നിയത്. പക്ഷേ, റോഷന്‍റെ കണ്ണുകളിൽ ഭയമോ വ്യാകുലതകളോ ഇല്ലായിരുന്നു. ആ സമയത്ത് മകൻ നൽകിയ പുഞ്ചിരിയും അവനിൽ കണ്ട സൂപ്പർ പവറുമാണ് തനിക്കും ശക്തിയായതെന്നും പിങ്കി റോഷൻ പിറന്നാൾക്കുറിപ്പിലൂടെ തുറന്നുപറയുന്നു . ഹിന്ദി ചിത്രം ബാങ് ബാങ്ങിന്‍റെ ചിത്രീകരണത്തിനിടയിലാണ് താരത്തിന്‍റെ തലക്ക് പരിക്കേറ്റത്. ചിത്രത്തിന്‍റെ സംഘട്ടനത്തിനിടെ ഉണ്ടായ പരിക്കിൽ മസ്‌തിഷ്‌കത്തിൽ രക്തം കട്ട പിടിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഹൃത്വിക് റോഷൻ ശസ്‌ത്രക്രിയക്ക് വിധേയനായത്.