മുംബൈ: കർണാടകയിൽ നടക്കുന്ന ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് നടി കങ്കണ റണാവത്തിന്‍റെ വിവാദ പ്രസ്‌താവനക്ക് മറുപടിയുമായി ചലച്ചിത്ര താരം ഷബാന ആസ്‌മി. ധൈര്യം കാണിക്കണമെങ്കിൽ അഫ്‌ഗാനിസ്ഥാനില്‍ ബുർഖ ധരിക്കാതെയിരിക്കൂ എന്ന കങ്കണയുടെ പ്രസ്‌താവനക്കെതിരെ ശക്തമായ ഭാഷയിലാണ് ഷബാന പ്രതികരിച്ചത്.
'ഞാന്‍ പറയുന്നത് തെറ്റാണെങ്കില്‍ എന്നെ തിരുത്തൂ, അഫ്‌നാനിസ്ഥാൻ ഒരു പൗരോഹിത്യ രാഷ്‌ട്രമാണ്, ഞാൻ അവസാനം പരിശോധിക്കുമ്പോൾ ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായിരുന്നു?!!' കങ്കണയുടെ സ്റ്റോറി പങ്കുവച്ചുകൊണ്ട് ഷബാന ട്വിറ്ററിൽ കുറിച്ചു.
കര്‍ണാടകയില്‍ വിദ്യാര്‍ഥികളെ ഹിജാബ് ധരിച്ചതിന്‍റെ പേരില്‍ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം കങ്കണ അഭിപ്രായം പങ്കുവെച്ചിരുന്നു. 'നിങ്ങൾക്ക് ധൈര്യം കാണിക്കണമെങ്കിൽ, അഫ്‌ഗാനിസ്ഥാനിൽ ബുർഖ ധരിക്കാതെ അത് കാണിക്കൂ. സ്വയം കൂട്ടിലടക്കാതെ സ്വതന്ത്രരാകാൻ പഠിക്കൂ,' കങ്കണ സമൂഹമാധ്യമത്തില്‍ കുറിച്ചു.