വശ്യമായ ആലാപനം, ഹൃദ്യമായ സ്വരമാധുര്യം; ആശാ ജിയുടെ ശബ്‌ദത്തിൽ ഏഴ് ദശാബ്‌ദങ്ങളോളം പതിനായിരത്തിലധികം പാട്ടുകളാണ് ഇന്ത്യൻ സംഗീതപ്രേമികൾ ആസ്വദിച്ചുകേട്ടത്. ബോളിവുഡിനെ കീഴടക്കിയ 'ആശസംഗീത'ത്തിന് ഇന്ന് 87-ാം പിറന്നാൾ. മെലഡികളും പോപ്പും ഗസലും ഖവാലിയും ഭജനകളും ക്ലാസിക്കൽ സംഗീതവും നാടൻ പാട്ടുകളും ആശാ ഭോസ്‌ലെ അനായാസം പാടിയപ്പോൾ ഇന്ത്യൻ സംഗീതം അവ അനുഭവിച്ചറിയുകയായിരുന്നു. സഹോദരിയും ബോളിവുഡിലെ പ്രമുഖ ഗായികയുമായ ലതാ മങ്കേഷ്‌കറും ഷംസാദ് ബീഗവും ഗീത ദത്തും അരങ്ങുവാണ ബോളിവുഡിന്‍റെ സംഗീതലോകത്തേക്ക് ആശയും സ്ഥാനം പിടിച്ചു.
നായികമാര്‍ക്ക് വേണ്ടിയാണ് ലതാ ദീദി പാടിയതെങ്കിൽ കാബറെ നർത്തകിമാരുടെയും പ്രതിനായികമാരുടെയും ഗാനങ്ങൾക്കാണ് ആശാ ഭോസ്‌ലെ ആലപിച്ചിരുന്നത്. സഹോദരി ലതാ മങ്കേഷ്‌കറിന്‍റെ ഒരു സഹായവുമില്ലാതെയാണ് ആശാ ജി പിന്നണി ഗായികയായതും ഇരുപതിലധികം ഭാഷകളിൽ പാടിയതുമെന്നതും ശ്രദ്ധേയം.
1933 സെപ്റ്റംബർ എട്ടിന് മറാത്തി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇൻഡോറിൽ ജനനം. ലതാ മങ്കേഷ്‌കർ, ഹൃദ്യനാഥ് മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ എന്നിവരാണ് ആശാ ഭോസ്‌ലെയുടെ സഹോദരങ്ങൾ. അച്ഛന്‍റെ ശിഷ്യണത്തിൽ നിന്നാണ് ആശയും ലതയും സംഗീതമഭ്യസിച്ചത്. എന്നാൽ, സഹോദരിമാർ ഇരുവരും തമ്മിൽ ചെറുപ്പകാലം മുതൽ ശത്രുതയിലായിരുന്നു എന്ന തരത്തിലും പറയപ്പെടുന്നു. അതിനാൽ തന്നെ ആശയുടെ സിനിമാപ്രവേശത്തിൽ അന്ന് പിന്നണിഗായികമാരിൽ ഒന്നാമതായ ലതാ മങ്കേഷ്‌കർ യാതൊരു സഹായവും നൽകിയിട്ടില്ലെന്നതും ആശാ ഭോസ്‌ലെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ആശയുടെ ഒമ്പതാം വയസിലാണ് ദീനനാഥ് മങ്കേഷ്‌കർ അന്തരിച്ചത്. തുടർന്ന്, കുടുംബം പോറ്റാനായി ലത സിനിമാഭിനയവും ആലാപനവും തെരഞ്ഞെടുത്തു. 1943ൽ മജാബാൽ എന്ന മറാത്തി ചിത്രത്തിലെ "ചലാ ചലാ നവ്ബാല" എന്ന ഗാനം ആലപിച്ച് ആശാ ഭോസ്‌ലെയും പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചു. ബോളിവുഡിൽ ആശയുടെ ആദ്യ ഗാനം 1945ലെ "ബഡി മാ"യാണ്. എന്നാൽ, 1948ൽ പുറത്തിറങ്ങിയ 'ചുനാരിയ'യിലൂടെയാണ് ആശ ശ്രദ്ധിക്കപ്പെട്ടത്.
1949ൽ ആശ തന്‍റെ 16-ാം വയസിലാണ് 31 വയസുകാരനായ ഗൺപത്‌റാവു ഭോസ്‌ലെയെ വിവാഹം ചെയ്യുന്നത്. കുടുംബത്തിന്‍റെ എതിർപ്പുകളെ അവഗണിച്ചുള്ള വിവാഹമായിരുന്നെങ്കിലും ഇരുവരും തമ്മിലുള്ള ദാമ്പത്യജീവിതം പരാജയപ്പെട്ടു. സംഗീത സംവിധായകൻ ഒ.പി നയ്യാരാണ് ആശയുടെ കഴിവ് തിരിച്ചറിഞ്ഞ് പിന്നണിഗായികയായി ആശയെ വളർത്തിയത്. ഏകദേശം ഇരുപത് വർഷങ്ങളോളം ഒ.പി. നയ്യാറിന്‍റെ 320ഓളം ഗാനങ്ങളുടെ ശബ്‌ദം ആശാ ഭോസ്‌ലെയായിരുന്നു. പിന്നീട്, ആര്‍.ഡി ബർമനൊപ്പമുള്ള ആശാജിയുടെ കൂട്ടുകെട്ടും വിജയമായിരുന്നു. ആശയെക്കാള്‍ ആറ് വയസ് ചെറുപ്പമായിരുന്ന ബർമനെ ഗായിക ജീവിതപങ്കാളിയായും തെരഞ്ഞെടുത്തു. ആശാ ഭോസ്‌ലെ ഒരു സമ്പൂർണ ഗായികയായി മാറുന്നതിന് സംഗീതലോകം പിന്നീട് സാക്ഷ്യം വഹിച്ചു.
സിനിമയിൽ നിന്നും ഗായിക പിന്നീട് ചെറിയൊരു ഇടവേള എടുത്തിരുന്നെങ്കിലും സംഗീതമാന്ത്രികൻ എ.ആർ റഹ്‌മാനിലൂടെ താരം തിരിച്ചുവരവ് നടത്തി. അങ്ങനെ 1995ൽ പുറത്തിറങ്ങിയ രംഗീലയിലും പിന്നീട് ലഗാൻ പോലുള്ള ചിത്രങ്ങളിലും ആശയുടെ ശബ്‌ദമാധുര്യം കലാസ്‌നേഹികൾ ആസ്വദിച്ചറിഞ്ഞു.
മുഹമ്മദ് റാഫിക്കൊപ്പവും കിഷോർ കുമാറിനൊപ്പവും ആശാ ജിയുടെ ഹിറ്റ് ഗാനങ്ങൾ പുറത്തിറങ്ങി. ബോംബെ രവി, എസ്.ഡി ബർമൻ, ആർ.ഡി ബർമൻ, ഇളയരാജ, ജയ്‌ദേവ്, ശങ്കർ ജയ്‌കിഷൻ, അനുമാലിക്ക് എന്നീ പ്രമുഖ ഹിന്ദി സിനിമാഗാനസംവിധായകർക്കൊപ്പവും ഗായികയായി ഇവർ പ്രവർത്തിച്ചു. സംഗീതത്തന്‍റെ ഏത് വകഭേദവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ഇതിഹാസ ഗായികയാണ് ഗ്രാമി അവാര്‍ഡിന് നാമനിർദേശം ലഭിച്ച ആദ്യ ഇന്ത്യക്കാരി.
ഏറ്റവുമധികം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഗായികമാരുടെ നിരയിൽ ഗിന്നസ് ബുക്കിലും അവർ ഇടം പിടിച്ചു. സംഗീതാസ്വാദകരെ അതിന്‍റെ വൈകാരിക മുഹൂർത്തങ്ങളിലൂടെ കൂട്ടികൊണ്ടുപോയി മാന്ത്രിക ഗാനങ്ങൾ സമ്മാനിച്ച കലാകാരിയെ 2000ൽ ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം നൽകിയും 2008ൽ പത്മവിഭൂഷൺ നല്‍കിയും രാജ്യം ആദരിച്ചു.
ഇന്നും സംഗീതപ്രേമികൾ ഈണമായി കാത്തുസൂക്ഷിക്കുന്ന ഏതാനും ഗാനങ്ങൾ പരിചയപ്പെടാം.