ഷബാന ആസ്‌മിയുടെ ഡ്രൈവർക്കെതിരെ എഫ്ഐആർ - Javed Akhtar
ഷബാന ആസ്‌മിയും ഭർത്താവും ഗാനരചയിതാവുമായ ജാവേദ് അക്തറും സഞ്ചരിച്ച കാർ ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. ആസ്‌മിക്ക് പരിക്കേറ്റതിനെത്തുടർന്ന് മുംബൈയിലെ കോകിലബെൻ ധീരുബായി ആശുപത്രിയിൽ ചികിത്സയിലാണ്. താരത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണ്.
മുംബൈ: നടി ഷബാന ആസ്‌മിയുടെ ഡ്രൈവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. ആസ്‌മിയും ഭർത്താവും ഗാനരചയിതാവുമായ ജാവേദ് അക്തറും സഞ്ചരിച്ച കാർ ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. കാറിന്‍റെ അമിതവേഗതയാണ് കാരണമെന്ന് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു. ലോറി ഡ്രൈവർ രാജേഷ് പാണ്ഡുരംഗ് ഷിൻഡെയുടെ പരാതിയിൽ കാർ ഡ്രൈവർ അംലേഷ് യോഗേന്ദ്ര കാമത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ വൈകിട്ട് 3.30ന് മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ ഷബാന ആസ്‌മിക്ക് പരിക്കേറ്റിരുന്നു. തുടർന്ന് താരത്തെ നവി മുംബൈയിലെ എംജിഎം ആശുപത്രിയിലും പിന്നീട് വിദഗ്‌ദ ചികിത്സയ്ക്കായി കോകിലബെൻ ധീരുബായി ആശുപത്രിയിലേക്കും മാറ്റി. ആസ്‌മിയുടെ തലക്കും നട്ടെല്ലിനുമാണ് പരിക്ക്. ഇപ്പോൾ താരത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും അവർ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഭർത്താവ് ജാവേദ് അക്തറിന് പരുക്കേറ്റിരുന്നില്ല.