ഗസലുകളും... ഖവാലികളും കൊണ്ട് ലക്ഷോപലക്ഷം ആസ്വാദക ഹൃദയങ്ങളെ കീഴടക്കിയ മുഹമ്മദ് റഫി എന്ന മഹാഗായകനെ നമുക്ക് നഷ്ടപ്പെട്ടിട്ട് 40 വര്‍ഷം പിന്നിടുന്നു. ആ മാസ്മരിക ശബ്ദത്തില്‍ പിറന്ന പ്രണയ, വിരഹ ഗാനങ്ങള്‍ ഇന്നും സംഗീതപ്രേമികള്‍ നെഞ്ചോട് ചേര്‍ക്കുന്നു.
പഞ്ചാബിലെ അമൃത്സർ ജില്ലയിലെ മജിതയ്ക്കടുത്തുള്ള കോട്‌ല സുൽത്താൻ സിംഗ് ഗ്രാമത്തില്‍ ഹാജി അലി മുഹമ്മദ്-അല്ലാ രാഹ മുഹമ്മദ് ശാഫി എന്നിവരുടെ മകനായിട്ടായിരുന്നു മുഹമ്മദ് റഫിയുടെ ജനനം. റഫി എന്ന പേരിനർഥം പദവികൾ ഉയർത്തുന്നവൻ എന്നാണ്. പേരിനെ അന്വര്‍ഥമാക്കുന്നതായിരുന്നു റഫി എന്ന ദിവ്യഗായകന്‍റെ ജീവിതവും. നാട്ടിൽ വന്ന ഒരു ഫക്കീറാണ് റഫിയെ സംഗീതത്തിലേക്ക് ആകർഷിച്ചത്. ചെറുപ്പകാലത്ത് തന്നെ അദ്ദേഹത്തിന്‍റെ നാട്ടിലെ ഫക്കീർമാരെ അനുകരിച്ച് അദ്ദേഹം പാടുമായിരുന്നു. റഫിയുടെ മൂത്തസഹോദരിയുടെ ഭർത്താവാണ് അദ്ദേഹത്തിന്‍റെ സംഗീതത്തിലുള്ള വാസന കണ്ടെത്തി പ്രോത്സാഹിപ്പിച്ചത്. ഉസ്താദ് ബഡേ ഗുലാം അലി ഖാൻ, ഉസ്താദ് അബ്ദുൾ വാഹിദ് ഖാൻ, പണ്ഡിത് ജീവൻലാൽ മട്ടോ, ഫിറോസ് നിസാമി എന്നിവരിൽ നിന്ന് റഫി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. ഒരിക്കൽ റഫിയും അദ്ദേഹത്തിന്‍റെ സഹോദരീ ഭർത്താവ് ഹമീദും കെ.എൽ സൈഗാളിന്‍റെ സംഗീതക്കച്ചേരി കേൾക്കാൻ പോവുകയും അവിടെ സദസിന് മുമ്പില്‍ ഒരു ഗാനം ആലപിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുകയും ചെയ്തു. അങ്ങനെ പതിമൂന്നാം വയസില്‍ റഫിയുടെ ആദ്യത്തെ പൊതുസംഗീത പരിപാടി നടന്നു. 1944ൽ അദ്ദേഹം ബോംബെയിലേക്ക് മാറി. ആദ്യം ഗാനങ്ങളുടെ കോറസിൽ പാടാൻ തുടങ്ങി. 10 രൂപയാണ് അന്ന് പ്രതിഫലം ലഭിച്ചത്. തുടർന്ന് ഇതിഹാസ സംഗീത സംവിധായകൻ നൗഷാദ് അലിയുടെ കീഴിൽ റഫിക്ക് ഗാനങ്ങൾ ലഭിച്ചു. ആദ്യഗാനം 1944ൽ പുറത്തിറങ്ങിയ എ.ആർ കർദാറുടെ പെഹ്‌ലേ ആപ് എന്ന ചിത്രത്തിലെ ശ്യാം സുന്ദർ, അലാവുദ്ദീൻ എന്നിവരോടൊപ്പം പാടിയ 'ഹിന്ദുസ്ഥാൻ കേ ഹം ഹേൻ' എന്ന ഗാനമാണ്. ഏതാണ്ട് ആ സമയത്ത് തന്നെ ശ്യാം സുന്ദറിന് വേണ്ടി 'ഗോൻ കി ഗോരി' എന്ന ചലച്ചിത്രത്തിലും ജി.എം ദുരാണിയോടൊത്ത് 'അജീ ദിൽ ഹോ കാബൂ മേൻ' എന്ന ചിത്രത്തിലും പാടി. ഇതാണ് റഫിയുടെ ബോളിവുഡിലെ ആദ്യ ഗാനമായി കണക്കാക്കുന്നത്. നൗഷാദിന് പുറമെ എസ്‌ഡി ബർമൻ, ശങ്കർ-ജയ്‌കിഷന്‍, രവി, ഒപി നയ്യാർ, മദൻ മോഹൻ, ലക്ഷ്‌മികാന്ത്-പ്യാരേലാൽ, കല്യാൺജി-ആനന്ദ് ജി തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പവും മികച്ച ഗാനങ്ങൾ റഫിയുടെ സ്വരത്തിൽ പുറത്തിറങ്ങി. മുകേഷ്, കിഷോർ കുമാർ എന്നിവർക്കൊപ്പം ഹിന്ദി സിനിമാ സംഗീതലോകത്തെ ഒരു കാലഘട്ടത്തെ അങ്ങനെ റഫി അടയാളപ്പെടുത്തി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന അല്ലെങ്കില്‍ ഇപ്പോഴും എണ്ണമറ്റ ആസ്വാദകരുള്ള ഗായകരിലൊരാളാണ് മണ്‍മറഞ്ഞിട്ടും സംഗീതത്തിലൂടെ ജീവിക്കുന്ന മുഹമ്മദ് റഫി.