വിട പറഞ്ഞ അസാമാന്യ നടൻ ഇർഫാൻ ഖാനൊപ്പം തിരശ്ശീല പങ്കിടാൻ സാധിച്ചതിലെ ഭാഗ്യവും സന്തോഷവും മലയാളത്തിലെ യുവതാരങ്ങളായ ദുൽഖർ സൽമാനും പാർവതി തിരുവോത്തും സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞിരുന്നു. എന്നാൽ, താൻ സിനിമയിലെത്താൻ ഏറ്റവും പ്രചോദനമായ വ്യക്തിയെ കണ്ടുമുട്ടാനുള്ള അവസരം ബാക്കിവെച്ചതിൽ നിരാശനാണ് യുവതാരം ഫഹദ് ഫാസിൽ. പഠനകാലത്ത് കിട്ടിയ ഡിവിഡിയിലെ ചിത്രത്തിലെ മുഖം എഞ്ചിനീയറിങ്ങ് ഉപേക്ഷിച്ച് അഭിനയം തെരഞ്ഞെടുക്കുന്നതിന് കാരണമായി. പിന്നീട്, ഇർഫാൻ ഖാന്‍റെ സിനിമകളിലൂടെ അദ്ദേഹത്തിന്‍റെ ആരാധകനായി മാറി ഫഹദ്. എന്നാൽ, ദുൽഖറിനൊപ്പം അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ തന്‍റെ തിരക്കുകൾ കാരണം താരത്തെ കാണാൻ സാധിക്കാതെ പോയെന്നും അതിനെ കുറിച്ചോർത്ത് പശ്ചാത്തപിക്കുകയാണെന്നും ഫഹദ് ഫാസിൽ പറയുന്നു. ഇർഫാന് മാത്രം ചെയ്യാൻ കഴിയുന്ന പല വേഷങ്ങളും ബാക്കിവച്ചു താരം യാത്ര പറഞ്ഞപ്പോൾ സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും മുമ്പിൽ വലിയ നഷ്‌ടവും ശൂന്യതയുമാണ് അത് സൃഷ്‌ടിച്ചതെന്നും യുവനടൻ ഫേസ്‌ബുക്കിൽ കുറിച്ചു.
"വളരെ വർഷങ്ങൾക്ക് മുമ്പ്, എനിക്ക് കൃത്യമായി ആ വർഷം ഓർമ വരുന്നില്ലെങ്കിലും, അമേരിക്കയിലെ എന്‍റെ പഠനകാലത്താണ് എന്ന് ഓര്‍മയുണ്ട്. ഇന്ത്യന്‍ സിനിമകള്‍ കാണാനുള്ള യാതൊരു സാഹചര്യവും ലഭിക്കാത്ത ഒരു കാമ്പസിലാണ് ഞാന്‍ പഠിച്ചുകൊണ്ടിരുന്നത്. അതിനാൽ, ഞാനും എന്‍റെ സുഹൃത്ത് നികുഞ്ജും കൂടി വാരാവസാനം അടുത്തുള്ള പാകിസ്ഥാനി കടയില്‍ പോയി ഇന്ത്യന്‍ ഡിവിഡികള്‍ വാടകയ്ക്ക് എടുക്കുമായിരുന്നു. അത്തരത്തിലൊരു സന്ദർഭത്തിൽ ഖാലിദ് ഭായി, ആ കടയുടെ ഉടമ ഞങ്ങള്‍ക്കൊരു സിനിമ ശുപാര്‍ശ ചെയ്തു. 'യഹ് ഹോയാ തോ ക്യാ ഹോതാ'. നസറുദ്ദീന്‍ ഷാ ആണ് ആ സിനിമ സംവിധാനം ചെയ്‌തത് എന്നതിനാൽ ഞാന്‍ അത് ശ്രദ്ധിച്ചു. ആ ഡിവിഡി എടുക്കാന്‍ അങ്ങനെ തീരുമാനിച്ചു. അന്ന് രാത്രി സിനിമ കണ്ടപ്പോൾ സലിം രാജബലി എന്ന കഥാപാത്രത്തെ കണ്ട് ഞാന്‍ നികുഞ്ജിനോട് ചോദിച്ചു, ആരാണീ മനുഷ്യന്‍...? പല നടന്മാരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഗാഢമായി അഭിനയിക്കുന്ന, സ്റ്റൈലിഷ് ആയ, സൗന്ദര്യമുള്ളവരെ. പക്ഷെ ആദ്യമായി ഞാന്‍ ഒരു യഥാര്‍ത്ഥ അഭിനേതാവിനെ കണ്ടു. അദ്ദേഹമാണ് ഇര്‍ഫാന്‍ ഖാന്‍."