പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭം നടക്കുകയാണ്. ജാമിയ മിലിയ, അലിഗഡ് മുസ്ലീം സര്‍വകലാശാല എന്നിവ ഉള്‍പ്പെടെയുള്ള കാമ്പസുകളിലെ വിദ്യാര്‍ഥി പ്രതിഷേധങ്ങളെ അനുകൂലിച്ചും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചും ഇന്ത്യന്‍ സിനിമയില്‍ നിന്ന് നിരവധി താരങ്ങളും അണിയറപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ താരങ്ങള്‍ നിയമത്തിനെതിരെ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. ഇനിയും നിശബ്ദപാലിച്ചിട്ട് കാര്യമില്ലെന്നാണ് താരങ്ങളില്‍ ഏറെയും പ്രതികരിച്ചത്.
നിശബ്ദത പാലിച്ചിട്ട് കാര്യമില്ല; പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിനിമാ ലോകം
ഇനിയും നിശബ്ദപാലിച്ചിട്ട് കാര്യമില്ലെന്നാണ് താരങ്ങൾ പ്രതികരിച്ചത്. സിനിമാ താരങ്ങള്‍ തങ്ങളുടെ നവമാധ്യമങ്ങളിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.
'ജാതി, മതം, വര്‍ഗം തുടങ്ങിയ എല്ലാ പരിഗണനകള്‍ക്കും അതീതമായി നമ്മള്‍ ഉയര്‍ന്നാല്‍ മാത്രമേ ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക് ഉന്നതിയുണ്ടാകൂ. ആ ഒരുമയെ തകര്‍ക്കുന്ന എന്തും നിരുത്സാഹപ്പെടുത്തേണ്ടതാണെന്നാണ് നടന്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. രാജ്യത്ത് ജനാധിപത്യം അപകടത്തിലായെന്ന് നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍ പറഞ്ഞു. ചോദ്യങ്ങൾ ഉയർത്തിയ വിദ്യാർഥികളെ അടിച്ചമർത്താനുള്ള നീക്കം അപമാനകരമാണ്. നിയമപരമായ പരിഹാരം ഉണ്ടാകുന്നത് വരെ പൗരത്വ ബില്ലിൽ പ്രതിഷേധം തുടരും. ജാമിയ മിലിയ ഇസ്ലാമിയയിലെയും അലിഗഢ് സര്‍വകലാശാലയിലെ വിദ്യാർത്ഥികൾക്കും പൂർണ പിന്തുണ നല്‍കുന്നതായും കമലഹാസന്‍ കൂട്ടിച്ചേര്‍ത്തു. ബോളിവുഡ് താരങ്ങളായ ആയുഷ്മാന്‍ ഖുറാന, രാജ്കുമാര്‍ റാവു, തപ്സി പന്നു, പരിനീതി ചോപ്ര, മനോജ് ബാജ്പേയ്, ആലിയ ഭട്ട് എന്നിവരും ട്വിറ്ററിലൂടെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം അറിയിച്ചു. വളരെയധികം അസ്വസ്ഥനാണെന്നാണ് ആയുഷ്മാന്‍ ഖുറാന പ്രതികരിച്ചത്. വിദ്യാര്‍ഥികളുടെ പ്രതിഷേധം പൊതുമുതല്‍ നശിപ്പിക്കുന്നതിന് കാരണമാകരുതെന്നും ആയുഷ്മാന്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥി പ്രതിഷേധത്തെ അടിച്ചമര്‍ത്തിയ പൊലീസിന്‍റെ നടപടിയെ അപലപിക്കുന്നെന്ന് രാജ്കുമാര്‍ റാവു പറഞ്ഞു. ഒരുതരത്തിലുള്ള അക്രമത്തെയും പിന്തുണക്കില്ലെന്നും വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനൊപ്പം നില്‍ക്കുന്നെന്നുമാണ് റിതേഷ് ദേശ്മുഖ് പറഞ്ഞത്. ഭരണഘടനയുടെ ആമുഖം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് ആലിയ ഭട്ട് പ്രതികരിച്ചത്. ബോളിവുഡ് താരങ്ങള്‍ നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് നടി സയാനി ഗുപ്ത വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. നിശബ്ദനായിരിക്കാന്‍ ഇനി കഴിയില്ലെന്നും ഈ സര്‍ക്കാര്‍ തീര്‍ച്ഛയായും ഫാസിസ്റ്റാണെന്നും സംവിധായകന്‍ അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ ഭൂപടത്തിന്‍റെ ഫോട്ടോ ഷെയര്‍ ചെയ്‍താണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. മതേതരത്വത്തെ നശിപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കണമെന്നും അഹിംസയാണ് നമ്മുടെ പാരമ്പര്യമെന്ന് ഓര്‍മിക്കണമെന്നും ദുല്‍ഖര്‍ പറയുന്നു. 'നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കും, ഞങ്ങള്‍ക്ക് അവര്‍ സഹോദരൻമാരും സഹോദരിമാരുമാണ്. ദയവായി നിങ്ങളുടെ പൗരത്വ ഭേദഗതിയും കൊണ്ട് നമ്മുടെ നാട്ടില്‍ നിന്ന് എത്രയും ദൂരം പോകാനാകുമോ അത്രയും ദൂരം പോകുക. നിങ്ങള്‍ പോകുമ്പോള്‍ ദയവായി ദേശീയ പൗരത്വ രജിസ്റ്ററടക്കമുള്ളവ എടുത്തുകൊണ്ടുപോവുകയെന്നാണ്' നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തട്ടമിട്ട ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് യുവനടി അനശ്വര രാജന്‍ പ്രതിഷേധം അറിയിച്ചത്. വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ എന്ന കുറിപ്പോടെയാണ് നടി ചിത്രം പങ്കുവെച്ചത്.
പൗരത്വ ഭേദഗതി നിമയത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്ന് തുടങ്ങിയ പ്രതിഷേധം രാജ്യത്തെ മുക്കിലും മൂലയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പടര്‍ന്നിരിക്കുകയാണ്. 2014 വരെ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീം ഒഴികെയുള്ള ആറ് മതവിഭാഗങ്ങള്‍ക്ക് പൗരത്വ ഭേദഗതി ആക്ട് പ്രകാരം ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് മാത്രം പൗരത്വം അനുവദിക്കുന്നതാണ് പുതിയ പൗരത്വ ഭേദഗതി ആക്ട്.