മുംബൈ: ബോളിവുഡ് ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് തന്‍റെ പേര് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് നടി രാകുൽ പ്രീത് സിംഗ് കോടതിയെ സമീപിച്ചു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട വാർത്തകളിൽ തന്‍റെ പേര് ഉൾപ്പെടുത്തി പരിപാടികൾ സംപ്രേഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ അച്ചടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് രാകുൽ പ്രീത് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു. തന്നെ പറ്റി മാധ്യമങ്ങൾ അപവാദ പ്രചാരണം നടത്തുന്നത് തുടരുകയാണെന്നും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയോട് പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ പലപ്പോഴും വാർത്തയാക്കുന്നതെന്നും പരാതിയിൽ നടി വ്യക്തമാക്കുന്നു.
മയക്കുമരുന്ന് കേസിൽ തന്‍റെ പേര് പരാമർശിക്കരുതെന്ന് ആവശ്യപ്പെട്ട് രാകുൽ പ്രീത് കോടതിയിൽ - ssr drug case
തന്നെ പറ്റി മാധ്യമങ്ങൾ അപവാദ പ്രചാരണം നടത്തുന്നത് തുടരുകയാണെന്നും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയോട് പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ പലപ്പോഴും വാർത്തയാക്കുന്നതെന്നും ഹൈക്കോടതിക്ക് സമർപ്പിച്ച ഹർജിയിൽ നടി വ്യക്തമാക്കുന്നു.
വിവര, പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായാണ് മാധ്യമ റിപ്പോർട്ടുകളെന്ന് ഹൈക്കോടതിക്ക് സമർപ്പിച്ച ഹർജിയിൽ രാകുൽ പ്രീത് പറഞ്ഞു. ഇതേ തുടർന്ന് കേന്ദ്രസർക്കാരിനും പ്രസാർ ഭാരതി, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്‌കാസ്റ്റേഴ്‌സ് അസോസിയേഷൻ എന്നിവർക്കും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. കേസിന്‍റെ വാദം കേൾക്കുന്നത് ഒക്‌ടോബർ 15നായിരിക്കും. എന്നാൽ, വിഷയത്തിൽ ഇടക്കാല നിർദേശം പുറപ്പെടുവിക്കാൻ കേന്ദ്രത്തിനും പ്രസാർ ഭാരതി, ന്യൂസ് ബ്രോഡ്‌കാസ്റ്റർ അസോസിയേഷനും ബെഞ്ച് നിർദേശം നൽകി.