തപ്‌സി പന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം 'തപ്പട്' തിയേറ്ററിലെത്തി അടുത്ത ദിവസം തന്നെ പ്രേക്ഷകരിൽ നിന്നും സിനിമാ രംഗത്തെ പ്രമുഖരിൽ നിന്നും മികച്ച പ്രതികരണം ഏറ്റുവാങ്ങുകയാണ്. ഇന്ത്യൻ സിനിമയിൽ മുഴച്ചു നിന്നിരുന്ന സ്‌ത്രീ വിരുദ്ധതക്കെതിരെയുള്ള പ്രതീക്ഷ കൂടിയാണ് ചിത്രം നൽകുന്നതും. "നമ്മുടെ തലമുറയ്‌ക്ക് ഏറ്റവും അനുവാര്യമായ സിനിമ" എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ബോളിവുഡ് യുവതാരം ആയുഷ്‌മാൻ ഖുറാന ചിത്രത്തെ കുറിച്ച് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. "നമ്മുടെ തലമുറയ്‌ക്ക് ഏറ്റവും അനുവാര്യമായ സിനിമ. അനുഭവ് സിൻഹ സാറിന് എന്‍റെ വന്ദനം. ഉറപ്പായും കാണുക! ഇത് ഒരു മാസ്റ്റർ ക്ലാസ് ആണ്," തപ്‌സി, പവയില്‍ ഗുലാട്ടി, മാനവ് കൗൾ എന്നിങ്ങനെ ചിത്രത്തിലെ താരനിരയെ എടുത്ത് പറഞ്ഞുകൊണ്ട് ആയുഷ്‌മാൻ തന്‍റെ അഭിനന്ദനം ട്വിറ്ററിലൂടെ പങ്കുവെച്ചു. തപ്പട് കാണാൻ സ്‌ത്രീയും പുരുഷനും ഒരുമിച്ച് പോകുമ്പോഴാണ് ചിത്രത്തിന്‍റെ ലക്ഷ്യം നിറവേറുന്നതെന്ന് ആയുഷ്‌മാൻ ഖുറാനയുടെ ഭാര്യ താഹിറ കശ്യപും പരാമർശിച്ചിട്ടുണ്ട്.
നമ്മുടെ തലമുറയ്‌ക്ക് ഏറ്റവും അനിവാര്യമായ സിനിമ; 'തപ്പട്'നെ പ്രകീർത്തിച്ച് ആയുഷ്‌മാൻ ഖുറാന - thappad latest
ആയുഷ്‌മാൻ ഖുറാനക്ക് പുറമെ അദ്ദേഹത്തിന്‍റെ ഭാര്യ താഹിറ കശ്യപും സംവിധായകൻ ഹന്‍സല്‍ മേത്തയും ചലച്ചിത്രഗാന രചയിതാവ് ജാവേദ് അക്തറും തപ്പട് സിനിമയെ കുറിച്ച് പ്രതികരിച്ചു.
ഹിന്ദി സിനിമാ സംവിധായകൻ ഹന്‍സല്‍ മേത്ത കുറച്ച് ദിവസം മുമ്പ് ചിത്രം തന്നിലുണ്ടാക്കിയ മാറ്റത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഏറെ പ്രശംസ പിടിച്ചുപറ്റിയ തപ്പഡിന്‍റെ ട്രെയിലറുകളിലൂടെ പുരുഷന്‍റെ മേൽക്കോയ്‌മ താൻ എത്രമാത്രം ഉപയോഗിച്ചിരുന്നുവെന്ന് മനസലാക്കിയതായി അദ്ദേഹം വിശദീകരിച്ചു. തന്‍റെ ജീവിതത്തിലൂടെ കടന്നുപോയ സ്‌ത്രീകൾ, അമ്മ, ഭാര്യ, സഹോദരി മുതൽ മുൻഭാര്യയോട് വരെ ക്ഷമാപണം നടത്തിയാണ് ഹന്‍സല്‍ മേത്ത തന്‍റെ മാറ്റത്തെക്കുറിച്ച് വ്യക്തമാക്കിയത്. അവരുടെ വളർച്ചക്ക് താൻ പ്രയോഗിച്ചിരുന്ന അവകാശബോധം തടസമുണ്ടാക്കിയെങ്കിൽ ഈ വൈകിയ വേളയിൽ ഖേദിക്കുന്നുവെന്നാണ് ഹന്‍സല്‍ മേത്ത പറഞ്ഞത്.
തപ്പട് ഇന്ത്യൻ സിനിമയുടെ നാഴികക്കല്ലായി മാറുമെന്നും ചിത്രത്തിന്‍റെ അണിയറപ്രവർത്തകരും അഭിനേതാക്കളും മികച്ച പ്രകടനം പുറത്തെടുത്തെന്നും ഗാന രചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറും അഭിപ്രായപ്പെട്ടു.